മുംബൈ : മൂന്നു ദശാബ്ദക്കാലം ഇന്ത്യയുടെ സമുദ്ര അതിർത്തികൾ കാത്ത ഐഎൻഎസ് വിരാടിന് വിട നൽകി നാവികസേന.30 വർഷത്തെ സേവനത്തിനു ശേഷം ഇന്ന് ഐ.എൻ.എസ് വിരാട് മുംബൈയിലെ നാവികസേനാ ഡോക്‌യാർഡിൽ നിന്ന് ഗുജറാത്തിലെ പൊളിക്കൽ കേന്ദ്രത്തിലേക്ക് യാത്രയായി.ഇത്രയുമധികം വർഷത്തെ സേവനത്തിനുള്ള ബഹുമതിയായി നാവികസേനയുടെ ഹെലികോപ്റ്റർ കപ്പലിന് അകമ്പടിയായി പറന്നു.
ലോകത്ത് ഏറ്റവും കൂടുതൽ കാലം സേവനനിരതമായിരുന്ന യുദ്ധക്കപ്പലെന്ന ഗിന്നസ് റെക്കോർഡോടെ 2017-ലാണ് നാവികസേനയുടെ സ്വന്തം വിരാടിനെ ഡീകമ്മീഷൻ ചെയ്തത്. ഐഎൻഎസ് വിരാടിനെ, മുമ്പ് മ്യൂസിയമാക്കി മാറ്റി സംരക്ഷിക്കാൻ പദ്ധതിയിട്ടിരുന്നു. എന്നാൽ, പരിപാലന ചിലവ് വളരെ കൂടുതലായതിനാൽ ആ തീരുമാനം ഉപേക്ഷിക്കുകയായിരുന്നു. തുടർന്നാണ് ലേലം നടത്തി പൊളിക്കാൻ തീരുമാനിച്ചത്. ശ്രീറാം ഗ്രൂപ്പ് എന്ന സ്വകാര്യ കമ്പനിയാണ് കപ്പൽ പൊളിക്കാനായി ലേലത്തിൽ പിടിച്ചത്. അവസാന യാത്രയിൽ വികാരനിർഭരമായ യാത്രയയപ്പാണ് ഐഎൻഎസ് വിരാടിന് നാവികസേന നൽകിയത്.ഐഎൻഎസ് വിരാടായി മാറുന്നതിനു മുമ്പ് എച്ച്എംഎസ് ഹെർമിസെന്ന പേരിൽ ബ്രിട്ടീഷ് റോയൽ നേവിയുടെ ഭാഗമായിരുന്നു ഈ കപ്പൽ.








