ഇന്ത്യന്‍ വ്യോമസേനയുടെ ഏറ്റവും സവിശേഷവും ശക്തവുമായ യുദ്ധവിമാനമായി കണക്കാക്കപ്പെടുന്ന റാഫേല്‍ പറത്താന്‍ ആദ്യ വനിതാ പൈലറ്റിനെ വ്യോമസേന തിരഞ്ഞെടുത്തു.മിഗ് 21 വിമാനം പറത്തിയ വാരണാസിയിലെ ശിവാംഗി സിംഗ് ആണ് റാഫേലിന്റെ സ്‌ക്വാഡ്രണ്‍ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. അംബാല എയര്‍ഫോഴ്‌സ് സ്റ്റേഷനില്‍ പരിശീലനം പൂര്‍ത്തിയാക്കി ശിവാംഗി ഉടന്‍ 17 സ്‌ക്വാഡ്രന്‍ ഗോള്‍ഡന്‍ ആരോസ് സംഘത്തിന്റെ ഭാഗമാകും.
റഫേല്‍ സൈനിക വിഭാഗത്തിലേക്ക് ആദ്യ വനിതാ പൈലറ്റിനെ നിയോഗിക്കാന്‍ വ്യോമസേന തീരുമാനിച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ശിവാംഗിയെ പൈലറ്റായി തെരഞ്ഞെടുത്ത വാര്‍ത്തകള്‍ പുറത്ത് വന്നത്. റഫേലിന്റെ സൈനിക വിഭാഗത്തിന്റെ ഭാഗമാകാന്‍ വ്യോമസേനയില്‍ നിന്നുള്ള മികച്ച യുദ്ധ പൈലറ്റുമാര്‍ പരിശീലനം നേടുന്നുണ്ടായിരുന്നു. അവരെ പിന്തള്ളിയാണ് ശിവാംഗി അഭിമാന നേട്ടം സ്വന്തമാക്കിയത്.
https://www.facebook.com/1523018534587969/videos/3427352887332659
2017 ലാണ് ശിവാംഗി ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമായത്. അന്ന് മുതല്‍ മിഗ് 21 വിമാനങ്ങളാണ് ശിവാംഗി പറത്തിയിരുന്നത്. രാജസ്ഥാന്‍ അതിര്‍ത്തിയിലെ എയര്‍ബേസില്‍ നിന്നാണ് ശിവാംഗി അംബാലയില്‍ എത്തുന്നത്. വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാനുള്‍പ്പെടെയുള്ള സമര്‍ത്ഥരായ വ്യോമസേന പൈലറ്റുമാര്‍ക്കൊപ്പവും ശിവാംഗി യുദ്ധവിമാനങ്ങള്‍ പറത്തിയിട്ടുണ്ട്.
ബാല്യം മുതല്‍ തന്നെ വ്യോമസേനയില്‍ അംഗമാകണമെന്ന ശിവാംഗിയുടെ ആഗ്രഹത്തിന് ഇതോടെ പൂര്‍ണ്ണത കൈവന്നിരിക്കുകയാണ്. വാരണാസിയില്‍ സ്‌കൂള്‍ വിദ്യാഭ്യാസവും, ബനാറസ് ഹിന്ദു സര്‍വ്വകലാശാലയില്‍ കോളേജ് വിദ്യാഭ്യാസവും പൂര്‍ത്തിയാക്കിയ ശിവാംഗി 2016 ലാണ് പരിശീലന അക്കാമദിയില്‍ ചേരുന്നത്. ഒരു വര്‍ഷക്കാലത്തെ കഠിന പരിശീലനം പൂര്‍ത്തിയാക്കി 2017 ല്‍ ശിവാംഗി വ്യോമസേനയുടെ പെണ്‍കരുത്തായി മാറി.












