കാസർകോട്: വന്ദേമാതരത്തിന്റെ 150-ാം വാർഷികത്തോടനുബന്ധിച്ച് കാസർകോട് കേന്ദ്ര സർവ്വകലാശാലയിൽ സംഘടിപ്പിച്ച ദേശീയ സെമിനാർ തടയാൻ എത്തിയ ഇടത്-വലത്- ഇസ്ലാമിക് വിദ്യാർത്ഥി സംഘടനകൾക്ക് കനത്ത തിരിച്ചടി. എസ്.എഫ്.ഐ, കെ.എസ്.യു, എം.എസ്.എഫ്, എ.ഐ.എസ്.എഫ് എന്നീ സംഘടനകൾ ചേർന്ന് കലുഷിതാന്തരീക്ഷം സൃഷ്ടിച്ച് സെമിനാർ മുടക്കാൻ പദ്ധതിയിട്ടെങ്കിലും, മുഴുവൻ വന്ദേമാതര ഗാനവും ഉച്ചത്തിൽ ആലപിച്ചു കൊണ്ട് തന്നെ പരിപാടിക്ക് തുടക്കമായി. പ്രജ്ഞാ പ്രവാഹ് ദേശീയ കൺവീനർ ജെ. നന്ദകുമാർ മുഖ്യപ്രഭാഷകനായി എത്തിയതോടെയാണ് പ്രതിഷേധക്കാർ പ്രകോപിതരായി പ്രതിഷേധവുമായി രംഗത്തിറങ്ങിയത്.
മാതൃഭൂമിക്കായുള്ള ദേശീയഗാനത്തിന്റെ പ്രസക്തിയെ വിളിച്ചോതുന്ന പരിപാടിയിൽ ആർ.എസ്.എസ് ബൗദ്ധിക നേതാക്കൾ പങ്കെടുക്കുന്നത് കാവിവൽക്കരണമാണെന്ന വ്യാജ പ്രചാരണം അഴിച്ചുവിട്ടായിരുന്നു ഈ വിദ്യാർത്ഥി സംഘടനകളുടെ അക്രമഭീഷണി. എന്നാൽ പോലീസിനെയും സുരക്ഷാ സേനയെയും ഉപയോഗിച്ച് അക്രമികളെ ചെറുത്തുതോൽപ്പിച്ച് ജെ. നന്ദകുമാർ വേദിയിലെത്തുകയും വികാരനിർഭരമായ മുഖ്യപ്രഭാഷണം നടത്തുകയും ചെയ്തു.












