റിയാദ് : ഈ വർഷം റിയാദിൽ നടത്താൻ നിശ്ചയിച്ചിരുന്ന ജി-20 ഉച്ചകോടി സൗദി അറേബ്യയുടെ അധ്യക്ഷതയിൽ വെർച്വലായി നടക്കും. കോവിഡ് ഭീഷണിയൊഴിയാത്ത സാഹചര്യത്തിലാണ് ഓൺലൈനായി ജി-20 രാജ്യങ്ങളുടെ ഉച്ചകോടി നടത്താൻ തീരുമാനിച്ചത്. സൗദി ഭരണാധികാരി സൽമാൻ ബിൻ അബ്ദുൾ അസീസ് രാജാവിന്റെ അധ്യക്ഷതയിൽ നവംബർ 21,22 എന്നീ തീയതികളിലായിട്ടായിരിക്കും ജി-20 ഉച്ചകോടി നടക്കുക. ഇക്കാര്യം സൗദി ഉന്നത സഭയാണ് അറിയിച്ചത്.
ജി-20 ഉച്ചകോടിക്ക് മുന്നോടിയായി സെപ്റ്റംബർ ആദ്യവാരം സൗദി ഭരണാധികാരി സൽമാൻ രാജാവ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുൾപ്പെടെയുള്ള വിവിധ രാജ്യങ്ങളിലെ നേതാക്കളുമായി ഫോൺ മുഖേന ചർച്ച നടത്തിയിരുന്നു. കോവിഡ് പ്രതിസന്ധിയിൽ ആഗോളതലത്തിലുണ്ടായ തളർച്ചയെ നേരിടാൻ പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിനായിരിക്കും ഇത്തവണത്തെ ഉച്ചകോടി ശ്രദ്ധ കേന്ദ്രീകരിക്കുകയെന്നാണ് റിപ്പോർട്ടുകൾ.












