ഡൽഹി: ഇന്ത്യയിലേക്ക് വരുന്ന മയക്കുമരുന്നിൽ ഭൂരിഭാഗവും കടത്തുന്നത് പാകിസ്ഥാനിൽ നിന്നെന്ന് റിപ്പോർട്ട്. അതിർത്തി വഴി ആയുധങ്ങൾക്കൊപ്പമാണ് പാകിസ്ഥാൻ മയക്കുമരുന്നുകളും കടത്തുന്നതെന്നും ദേശീയ മാദ്ധ്യമം നടത്തിയ അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ഇന്ത്യയിലേക്ക് പ്രതിവർഷം കടത്തുന്ന മയക്കുമരുന്നിൽ 84 ശതമാനവും പാകിസ്ഥാനിൽ നിന്നാണ് വരുന്നത്. അഞ്ച് ശതമാനം നേപ്പാളിൽ നിന്നും നാല് ശതമാനം അഫ്ഗാനിസ്ഥാനിൽ നിന്നുമാണ് വരുന്നതെങ്കിലും ഇതിന്റെയെല്ലാം കണ്ണികൾ അവസാനിക്കുന്നത് പാകിസ്ഥാനിലാണെന്നും റിപ്പോർട്ടിൽ പറയുന്നു. വിനോദസഞ്ചാരികളെയും കോളേജ് വിദ്യാർത്ഥികളെയും ബിസിനസ്സുകാരെയും മയക്കു മരുന്ന് കടത്തിനായി ഉപയോഗിക്കുന്നുണ്ട്. മയക്കുമരുന്ന് ഉപയോഗം മഹത്വവത്കരിക്കുന്ന സിനിമകൾക്ക് പിന്നിലും ഈ ലോബി പ്രവർത്തിക്കുന്നതായി ചില അന്വേഷണ റിപ്പോർട്ടുകൾ നിലവിലുണ്ട്.
കഴിഞ്ഞ പത്ത് വർഷത്തിനിടെ ഇന്ത്യയിലേക്ക് കോടിക്കണക്കിന് ഡോളർ വിലമതിക്കുന്ന മയക്കുമരുന്നുകളാണ് പാകിസ്ഥാൻ കടത്തിയിരിക്കുന്നത്. ഇതിൽ ഏറിയ പങ്കും പഞ്ചാബ് അതിർത്തി വഴിയാണ് രാജ്യത്തേക്ക് കടത്തിയിരിക്കുന്നത്. എന്നാൽ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ അതിർത്തികളിൽ പരിശോധന അടക്കമുള്ളവ ശക്തമാക്കിയതായും അറസ്റ്റുകളും വിചാരണകളും ശിക്ഷാവിധികളും വേഗത്തിലാക്കിയതായും ഇ യു റിപ്പോർട്ടർ നടത്തിയ സർവ്വേയിൽ വ്യക്തമാക്കുന്നു. മയക്കുമരുന്ന് കടത്തിനെതിരെ കർശന നടപടികളാണ് കേന്ദ്രസർക്കാർ നിലവിൽ സ്വീകരിച്ചു പോരുന്നത്.
Discussion about this post