ഡല്‍ഹി : പാക്കിസ്ഥാനുമായി എപ്പോള്‍ വേണമെങ്കിലും ചെറിയൊരു യുദ്ധമുണ്ടായേക്കാമെന്നും അതിനായി ഇന്ത്യന്‍ സൈന്യം സദാ സന്നദ്ധരായിരിക്കണമെന്നും കരസേനാ മേധാവി ദല്‍ബീര്‍ സിങ്ങിന്റെ മുന്നറിയിപ്പ്. പാക്കിസ്ഥാന്റെ ഭാഗത്തു നിന്നും തുടരെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനങ്ങളും നുഴഞ്ഞുകയറ്റ ശ്രമങ്ങളും ഉണ്ടാകുന്നുണ്ട്. അതിനാല്‍ അതിര്‍ത്തിയില്‍ സൈന്യം എപ്പോഴും ജാഗരൂകരായിരിക്കണമെന്നും അദ്ദേഹം അറിയിച്ചു.
ജമ്മു കശ്മീരില്‍ കൂടുതല്‍ സംഘര്‍ഷങ്ങള്‍ ഉണ്ടാക്കാന്‍ പാക്കിസ്ഥാന് പുതിയ രീതികള്‍ തേടുകയാണ്. ഭാവിയില്‍ ചെറിയൊരു യുദ്ധത്തിലേക്ക് ഇതെത്തിയേക്കുമെന്നും ഇന്ത്യന്‍ സേന അതു നേരിടാന്‍ തയാറായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
1965 ലെ പാക്കിസ്ഥാനുമായുള്ള യുദ്ധം ഇന്ത്യന്‍ സൈന്യത്തിന്റെ കരുത്ത് വിളിച്ചറിയിക്കുന്നതായിരുന്നു. പാക്കിസ്ഥാന് ശക്തമായ രീതിയില്‍ തന്നെ ഇന്ത്യന്‍ സൈന്യം മറുപടി നല്കി. യുദ്ധസമയത്ത് ഇന്ത്യന്‍ ജനതയുടെ ഭാഗത്തുനിന്നും സൈന്യത്തിന് പിന്തുണയുണ്ടായി. അതു വിജയത്തിന് സഹായിച്ചതായും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ കുറച്ചു മാസങ്ങളായി അതിര്‍ത്തിയില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. കഴിഞ്ഞ മാസം 55 തവണയാണ് പാക്കിസ്ഥാന് വെടിനിര്‍ത്തല്‍ കരാ!ര്‍ ലംഘിച്ചത്. കഴിഞ്ഞയാഴ്ച ആര്‍എസ് പുര സെക്ടറില്‍ പാക്കിസ്ഥാന് നടത്തിയ വെടിവയ്പില്‍ രണ്ടു സ്ത്രീകള്‍ കൊല്ലപ്പെട്ടിരുന്നു. 22 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
കഴിഞ്ഞയാഴ്ച നടക്കാനിരുന്ന ഇന്ത്യാ-പാക്ക് ദേശീയ സുരക്ഷാ ഉപദേഷ്ടാക്കള്‍ (എന്‍എസ്എ) തമ്മിലുള്ള ചര്‍ച്ചയും റദ്ദാക്കിയിരുന്നു. ഇന്ത്യാ-പാക്ക് ചര്‍ച്ചയില്‍ കശ്മീര്‍ വിഷയം ഉന്നയിക്കാനാകില്ലെന്ന ഇന്ത്യയുടെ നിലപാടിനെത്തുടര്‍ന്നായിരുന്നു പാക്കിസ്ഥാന് ചര്‍ച്ചയില്‍ നിന്നും പിന്മാറിയത്.
Discussion about this post