ഡൽഹി: ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂസ് മിസൈലിന്റെ നവീന രൂപം പരീക്ഷിച്ച് ഇന്ത്യ. 400 കിലോമീറ്റർ പരിധിക്കപ്പുറം വരെയുള്ള ലക്ഷ്യം ഭേദിക്കാൻ പറ്റുന്ന തരത്തിൽ രൂപകൽപ്പന ചെയ്ത മിസൈലിന്റെ പതിപ്പാണ് ഇന്ത്യ വിജയകരമായി പരീക്ഷിച്ചത്.
ഒഡിഷയിലെ ബലാസോറിലെ ഐ ടി ആറിൽ രാവിലെ 10.30നായിരുന്നു പരീക്ഷണം. തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ബൂസ്റ്ററിൽ പ്രവർത്തിക്കുന്ന മിസൈൽ ഡി ആർ ഡി ഓയുടെ പിജെ-10 പ്രോജക്ടിന്റെ ഭാഗമായാണ് തയ്യാറാക്കിയിരിക്കുന്നത്.
ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂസ് മിസൈലിന്റെ രണ്ടാം ഘട്ട പരീക്ഷണമാണ് ഇന്ത്യ വിജയകരമായി പൂർത്തിയാക്കിയിരിക്കുന്നത്. ഇതിന്റെ വായുനിയന്ത്രണ സംവിധാനവും ബൂസ്റ്ററും തദ്ദേശീയമായി വികസിപ്പിച്ചവയാണ്.
ബ്രഹ്മോസിന്റെ വിജയകരമായ പരീക്ഷണത്തിന് പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും അഭിനന്ദിക്കുന്നതായി ഡി ആർ ഡി ഓ ചെയർമാൻ ഡോക്ടർ ജി സതീഷ് റെഡ്ഡി പറഞ്ഞു. പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയ ഡി ആർ ഡി ഓക്ക് എല്ലാ അഭിനന്ദനങ്ങളും അറിയിക്കുന്നതായി രാജ്യരക്ഷാ മന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു. ഈ വിജയം ഇന്ത്യയുടെ ‘ആത്മനിർഭർ ഭാരത്‘ പദ്ധതിക്ക് കൂടുതൽ ഊർജ്ജം നൽകുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യയുടെയും റഷ്യയുടെയും സംയുക്ത സംരംഭമായി നിർമ്മിച്ചിരിക്കുന്ന ബ്രഹ്മോസ് മിസൈലിന്റെ യഥാർത്ഥ പ്രഹര പരിധി 290 കിലോമീറ്ററാണ്. എന്നാൽ പുതിയ ഗവേഷണങ്ങളുടെ ഫലമായാണ് ഇതിന്റെ പരിധി 400 കിലോമീറ്ററായി ഉയർത്തിയത്. ഇത് ചില അവസരങ്ങളിൽ 450 കിലോമീറ്റർ വരെ അപ്പുറത്തുള്ള ലക്ഷ്യം ഭേദിക്കാൻ പ്രാപ്തമാണെന്ന് ഗവേഷണ വിഭാഗം സാക്ഷ്യപ്പെടുത്തുന്നു.
2017ലായിരുന്നു ബ്രഹ്മോസ് മിസൈലിന്റെ പരിഷ്കരിച്ച പതിപ്പിന്റെ ആദ്യ പരീക്ഷണം വിജയകരമായി പൂർത്തീകരിച്ചത്.










