വാഷിംഗ്ടൺ : കമ്മ്യൂണിസ്റ്റ് പാർട്ടിയിലൊ മറ്റേതെങ്കിലും ഏകാധിപത്യ പാർട്ടിയിലൊ അംഗത്വമോ ബന്ധമോ ഉള്ളവർക്ക് പൗരത്വം അനുവദിക്കാനാവില്ലെന്ന് യുഎസ്. കമ്മ്യൂണിസ്റ്റ് പാർട്ടി ഭരിക്കുന്ന ചൈനയുമായുള്ള ബന്ധം കൂടുതൽ വഷളായ സാഹചര്യത്തിലാണ് അമേരിക്കയുടെ ഈ കടുത്ത തീരുമാനമെന്നാണ് സൂചന.
യു.എസ് സിറ്റിസൺഷിപ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് (യുഎസ്‌സിഐഎസ്) ആണ് പുതിയ മാർഗനിർദേശം പുറപ്പെടുവിച്ചിട്ടുള്ളത്. വ്യാപാര തർക്കത്തിനു പുറമേ കോവിഡ്, ഹോങ്കോങ്, സുരക്ഷാ നിയമ നിർമ്മാണം, സിൻജിയാങിൽ ഉയിഗുറുകൾക്ക് നേരെയുള്ള പീഡനം തുടങ്ങിയ വിഷയങ്ങളിൽ ചൈനയുമായി അമേരിക്കയ്ക്ക് അഭിപ്രായ വ്യത്യാസങ്ങളുണ്ട്. ഈ സാഹചര്യത്തിലാണ് യുഎസിന്റെ പുതിയ നടപടി. യുഎസ് പൗരരായി മാറുന്നതിനുള്ള സത്യപ്രതിജ്ഞയുമായി കമ്യൂണിസ്റ്റ് ഏകാധിപത്യ പാർട്ടികളിലെ ബന്ധം പൊരുത്തപ്പെടുന്നില്ലെന്നാണ് യു.എസ്.സി.ഐ.എസ് വ്യക്തമാക്കിയിട്ടുള്ളത്.









