ന്യൂഡൽഹി : സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകൾക്കിടെ ദേശീയ ഗീതമായ വന്ദേമാതരത്തെ അപമാനിച്ച സംഭവത്തിൽ കോൺഗ്രസ് നേതൃത്വത്തിനെതിരെ കടുത്ത വിമർശനവുമായി ബി.ജെ.പി. എ.ഐ.സി.സി ആസ്ഥാനമായ ഇന്ദിരാ ഭവനിൽ സ്വാതന്ത്ര്യദിന ചടങ്ങിനിടെ വന്ദേമാതരം ആലാപനം തടസ്സപ്പെടുത്താൻ ശ്രമിച്ചെന്നും ദേശീയ ഗീതത്തോട് അനാദരവ് കാണിച്ചെന്നും ആരോപിച്ച ബി.ജെ.പി, സംഭവത്തിൽ രാജ്യത്തോടും ജനങ്ങളോടും മാപ്പുപറയാൻ കോൺഗ്രസ് ഉന്നത നേതൃത്വം തയ്യാറാകണമെന്ന് ആവശ്യപ്പെട്ടു. രാജ്യത്തിന്റെ സ്വാതന്ത്ര്യസമര പോരാട്ടങ്ങളുടെ പ്രതീകമായ ദേശീയ ഗീതത്തോട് കോൺഗ്രസ് ഇന്നും പൂർണ്ണമായി ആദരവ് പുലർത്തുന്നില്ലെന്നതിന്റെ തെളിവാണ് ഇതെന്ന് ബി.ജെ.പി വക്താക്കൾ കുറ്റപ്പെടുത്തി.
ചടങ്ങിൽ വന്ദേമാതരം ആലാപനം ആരംഭിച്ചപ്പോൾ സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും അസ്വസ്ഥരായെന്നും ഗാനം നിർത്തിവെക്കാൻ പാർട്ടി പ്രവർത്തകരോട് ആവശ്യപ്പെടാൻ ശ്രമിച്ചെന്നും ബി.ജെ.പി ഐ.ടി സെൽ മേധാവി അമിത് മാളവ്യയും ബി.ജെ.പി എം.പി സുധാംശു ത്രിവേദിയും വ്യക്തമാക്കി. ആദ്യ ഖണ്ഡികകൾ പൂർത്തിയായപ്പോൾ ഗാനം അവസാനിപ്പിക്കാൻ ശ്രമിച്ചെങ്കിലും പിന്നീട് മുഴുവൻ വരികളും പാടുകയായിരുന്നുവെന്നും ബി.ജെ.പി ചൂണ്ടിക്കാട്ടി. സ്വാതന്ത്ര്യസമര കാലം മുതൽ ലക്ഷക്കണക്കിന് ആളുകൾക്ക് ഊർജ്ജം പകർന്ന ഒരു ദേശീയ ഗീതത്തോടുള്ള കോൺഗ്രസിന്റെ മുൻകാല നിലപാടുകളുടെ തുടർച്ചയാണ് ഈ സംഭവമെന്നും സുധാംശു ത്രിവേദി മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, ബി.ജെ.പിയുടെ ആരോപണങ്ങൾ പൂർണ്ണമായും തള്ളിക്കളഞ്ഞുകൊണ്ട് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് രംഗത്തെത്തി. സ്വാതന്ത്ര്യദിന ചടങ്ങിൽ വന്ദേമാതരം മുഴുവനായും തന്നെയാണ് ആലപിച്ചതെന്നും അതിൽ യാതൊരുവിധ തടസ്സങ്ങളോ അപമാനമോ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വീഡിയോയിൽ കണ്ട ദൃശ്യങ്ങൾ തെറ്റായി വ്യാഖ്യാനിക്കുകയാണെന്നും, ഏറെ നേരമായി എഴുന്നേറ്റു നിൽക്കുകയായിരുന്ന പാർട്ടി പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയ്ക്ക് ഇരിക്കാൻ കസേര ആവശ്യപ്പെടുക മാത്രമാണ് സോണിയ ഗാന്ധി ചെയ്തതെന്നും കോൺഗ്രസ് വ്യക്തമാക്കി. രാഷ്ട്രീയ നേട്ടങ്ങൾക്കായി ബി.ജെ.പി വസ്തുതകൾ വളച്ചൊടിച്ച് അനാവശ്യ വിവാദങ്ങൾ സൃഷ്ടിക്കാൻ ശ്രമിക്കുകയാണെന്നാണ് കോൺഗ്രസിന്റെ നിലപാട്.








