കൊച്ചി: അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ ശിശുരോഗ- പ്രസവ ചികിത്സാ വിഭാഗത്തിൽ ശിശുവിന് അപൂർവ ശസ്ത്രക്രിയ. പത്തനംതിട്ടയിൽ നിന്നുള്ള ദമ്പതികളുടെ കുട്ടിക്കായിരുന്നു അപൂർവ ശസ്ത്രക്രിയ.
ശ്വാസനാളത്തിനും അന്നനാളത്തിനും തടസ്സമുള്ള ഗർഭസ്ഥ ശിശുവിനെ ഗർഭപാത്രത്തിൽ വച്ചു തന്നെ കഴുത്തിൽ ശസ്ത്രക്രിയ നടത്തി ട്യൂബ് ഘടിപ്പിക്കുകയായിരുന്നു. തുടർന്ന് അതിലൂടെ കൃത്രിമ ശ്വാസം നൽകി കുട്ടിയെ പുറത്തെടുത്തു. സാധാരണ നിലയിലായിരുന്നു പ്രസവമെങ്കിൽ കുട്ടിക്കു ശ്വാസ തടസ്സം നേരിടുമായിരുന്നു. ശസ്ത്രക്രിയയുടെ സമയത്തു പൊക്കിൾകൊടിയിലൂടെ ഓക്സിജൻ ലഭിച്ചിരുന്നതിനാൽ കുട്ടിയുടെ ജീവൻ നിലനിർത്താനായി.
2 ദിവസത്തിനു ശേഷം അന്നനാളം കൂട്ടിച്ചേർത്ത ശിശു സുഖം പ്രാപിച്ചു വരുന്നു. പീഡിയാട്രിക് സർജറി മേധാവി ഡോ. മോഹൻ ഏബ്രഹാം, ഡോ. രേഖ വർഗീസ്, ഡോ. ദീപ്തി ശർമ, ഡോ. വിവേക് കൃഷ്ണൻ, ഡോ. രാജു പേർ ബന്തപുടി, നഴ്സ് കെ. അനു തുടങ്ങിയവർ ശസ്ത്രക്രിയയിൽ പങ്കാളികളായി.












