ന്യൂഡൽഹി: ജി 7 ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിച്ച് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയെ മെലോണി. ടെലിഫോണിലൂടെയായിരുന്നു നരേന്ദ്ര മോദിയെ മെലോണി ആശയവിനിമയം നടത്തിയത്. ക്ഷണം സ്വീകരിച്ച പ്രധാനമന്ത്രി മെലോണിയ്ക്ക് നന്ദി പറഞ്ഞു.
ഈ വർഷം ജൂണിലാണ് ജി 7 ഉച്ചകോടി. ഇറ്റലിയാണ് ഉച്ചകോടിയ്ക്കായി ആതിഥേയത്വം വഹിക്കുന്നത്. ഇതേ തുടർന്നാണ് ഇറ്റാലിയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിച്ചത്. ഔട്ട് റീച്ച് സെഷനുകളിലേക്കാണ് പ്രധാനമന്ത്രിയ്ക്ക് ക്ഷണം നൽകിയിരിക്കുന്നത്. ജൂൺ 13 മുതൽ ജൂൺ 15 വരെയാണ് ജി7 ഉച്ചകോടി ഔട്ട്‌റീച്ച് സെഷനുകൾ നടക്കുക.
കേന്ദ്ര വിദേശകാര്യമന്ത്രാലയം ആണ് പ്രധാനമന്ത്രിയുമായി മെലോണി ആശയവിനിമയം നടത്തിയ വിവരം ആദ്യം പുറത്തുവിട്ടത്. ജി7 ഉച്ചകോടിയ്ക്കായി ക്ഷണിച്ചതിൽ വിദേശകാര്യമന്ത്രാലയം നന്ദിയും അറിയിച്ചു. ഇതിന് പിന്നാലെ മെലോണിയുമൊത്തുള്ള സംഭാഷണത്തിന്റെ വിശദാംശങ്ങൾ പ്രധാനമന്ത്രിയും പുറത്തുവിടുകയായിരുന്നു.
‘ഇറ്റലി വിമോചന ദിനം ആഘോഷിക്കുന്ന ദിനത്തിൽ പ്രധാനമന്ത്രി ജോർജിയ മെലോണിയുമായി സംസാരിച്ചുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇറ്റലിയ്ക്ക് ആശംസകൾ അറിയിച്ചു. ജൂണിൽ നടക്കുന്ന ജി7 ഉച്ചകോടിയിലേക്കുള്ള ക്ഷണത്തിന് നന്ദി പറഞ്ഞു. ജി20യുടെ ഭാഗമായുണ്ടായ ഫലങ്ങൾ ജി7 ഉച്ചകോടിയിലും പ്രാവർത്തികമാക്കുന്നതിനെക്കുറിച്ച് ചർച്ച നടത്തി. നയതന്ത്ര പങ്കാളിത്തം കൂടുതൽ ശക്തമാക്കുന്നതിനായി പ്രതിജ്ഞാബദ്ധമാണെന്ന് ആവർത്തിക്കുകയും ചെയ്തുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
Discussion about this post