ചൈനീസ് അന്തർവാഹിനികളെ തുരത്താൻ കെൽപ്പുള്ള ഇന്ത്യയുടെ സൂപ്പർ സോണിക് മിസൈൽ അസിസ്റ്റഡ് റിലീസ് ഓഫ് ടോർപിഡോ (സ്മാർട്ട്) ഒക്ടോബർ അഞ്ചിന് വിജയകരമായി പരീക്ഷിച്ചു. ഒഡീഷ തീരത്തെ വീലർ ദ്വീപിലായിരുന്നു ‘സ്മാർട്ട്’ സംവിധാനത്തിന്റെ പരീക്ഷണം. ഈ പരീക്ഷണത്തിലൂടെ മിസൈലിന്റെ ഉയർന്ന പരിധി,
പരമാവധി ദൂരം, കൃത്യസമയത്തുള്ള ടോർപിഡോ വിക്ഷേപണം തുടങ്ങിയ പരീക്ഷണ ലക്ഷ്യങ്ങളെല്ലാം തന്നെ നേടാൻ സാധിച്ചുവെന്നാണ് ലഭ്യമാകുന്ന വിവരങ്ങൾ. ഇന്ത്യ തദ്ദേശീയമായി നിർമിച്ച ടോർപിഡോയായ വരുണാസ്ത്രയുടെ പരമാവധി പ്രഹരപരിധി 40 കിലോമീറ്ററാണ്. എന്നാൽ, സൂപ്പർ സോണിക് മിസൈൽ ഉപയോഗിച്ച് പരമാവധി ദൂരം സഞ്ചരിച്ച ശേഷമായിരിക്കും സ്മാർട്ട് സംവിധാനത്തിലെ ടോർപിഡോകൾ വിക്ഷേപിക്കപ്പെടുക. അതു കൊണ്ടു തന്നെ, ശത്രുവിനെ അന്തർവാഹിനികൾ വളരെ ദൂരം നിന്നുതന്നെ ആക്രമിച്ചു തകർക്കാൻ ഇവയ്ക്കു സാധിക്കും.
ഇന്ത്യൻ സമുദ്രത്തിൽ വർദ്ധിച്ചു വരുന്ന ചൈനയുടെ നാവിക താല്പര്യങ്ങൾക്കേറ്റ കനത്ത പ്രഹരമാണ് ഇന്ത്യയുടെ ഈ സ്മാർട്ട് ടോർപിഡോ പരീക്ഷണം. നൂറുകണക്കിന് കിലോമീറ്റർ ദൂരെ വച്ച് തന്നെ ചൈനീസ് നാവികസേനയുടെ അന്തർവാഹിനികൾ ആക്രമിച്ച തകർക്കപ്പെടും. അന്തർവാഹിനികൾക്കെതിരെ പ്രയോഗിക്കാവുന്ന ടോർപിഡോ അടങ്ങുന്ന റോക്കറ്റ് സംവിധാനമാണ് ‘സ്മാർട്ട്’. ടോർപിഡോകൾ പുറപ്പെടുന്നതിനു മുമ്പേ ഇത്തരത്തിലുള്ള റോക്കറ്റുകൾ വെള്ളത്തിനു മുകളിലൂടെ സഞ്ചരിച്ച് ആക്രമണം നടത്തും. പിന്നീടാണ് ലക്ഷ്യസ്ഥാനത്തേക്ക് ടോർപിഡോകളെ അയക്കുക. സൂപ്പർ സോണിക് മിസൈൽ അസിസ്റ്റഡ് റിലീസ് ഓഫ് ടോർപിഡോയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഡി.ആർ.ഡി.ഒ പുറത്തു വിട്ടിട്ടില്ല. രാജ്യത്തിനു വേണ്ടി ഈ പ്രതിരോധ സംവിധാനം വികസിപ്പിച്ചെടുത്ത ഡി.ആർ.ഡി.ഒ ശാസ്ത്രജ്ഞരെ പ്രതിരോധവകുപ്പ് മന്ത്രി രാജ്‌നാഥ് സിങ് അഭിനന്ദിച്ചു.
ആണവായുധങ്ങൾ വഹിക്കാൻ ശേഷിയുള്ള അന്തർവാഹിനികളും പരമ്പരാഗത അന്തർവാഹിനികളും ശത്രുരാജ്യങ്ങൾ വികസിപ്പിക്കുന്ന സാഹചര്യത്തിൽ, ഇന്ത്യയുടെ പുതിയ സ്മാർട്ട് സംവിധാനം ചൈനയ്ക്ക് മാത്രമല്ല, പാക്കിസ്ഥാനും വെല്ലുവിളിയായിരിക്കും.









