ഗാൽവൻ അതിർത്തിയിൽ ഇന്ത്യയും ചൈനയും തമ്മിലുള്ള സംഘർഷങ്ങൾ നിലനിൽക്കുന്നതിനിടെ പീപ്പിൾസ് ലിബറേഷൻ ആർമിയുടെ സഹായത്തോടെ ഭൗമ-വ്യോമ മിസൈൽ വിക്ഷേപണ കേന്ദ്രങ്ങൾ നിർമിച്ച് പാകിസ്ഥാൻ. പാക് അധീന കശ്മീരിലാണ് മിസൈൽ വിക്ഷേപണ കേന്ദ്രങ്ങൾ നിർമിച്ചിട്ടുള്ളത്.
ഭൗമ – ഭൗമ മിസൈലുകൾ വിന്യസിക്കുന്നതിനായുള്ള വിക്ഷേപണ കേന്ദ്രങ്ങളുടെ നിർമാണ പ്രവർത്തനങ്ങളും ചൈനയുടെ സഹായത്തോടെ പാക് അധീന കാശ്മീരിൽ പാകിസ്ഥാൻ നടത്തി വരികയാണെന്നാണ് റിപ്പോർട്ടുകൾ. ഇന്ത്യ-ചൈന അതിർത്തി സംഘർഷങ്ങൾ നിലനിൽക്കുന്നതിനിടെയാണ് പാക്കിസ്ഥാന്റെ ഈ പ്രകോപനപരമായ നീക്കം.നൂറ്റിയിരുപതോളം പാകിസ്ഥാൻ സൈനികരും മറ്റു നാല്പതോളം പേരുമാണ് മിസൈൽ വിക്ഷേപണ കേന്ദ്രങ്ങളുടെ നിർമാണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുള്ളത്. ഈ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിനായി പരിചയസമ്പന്നരായ പത്തോളം പീപ്പിൾസ് ലിബറേഷൻ ആർമി ട്രൂപ്പുകളും മൂന്നു സൈനിക ഉദ്യോഗസ്ഥരും പാകിസ്ഥാനൊപ്പമുണ്ടെന്നാണ് വിലയിരുത്തൽ.
അതേസമയം, പാക് അധീന കശ്മീരിലെ ഹട്ടിയൻ ബാല ജില്ലയിലുള്ള ചകോതി ഗ്രാമത്തിലും മിസൈൽ വിക്ഷേപണ കേന്ദ്രങ്ങളുടെ നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നുണ്ടെന്നാണ് സൂചനകൾ. അതിർത്തിയിലെ സംഘർഷം മുതലെടുത്തു കൊണ്ട് ആക്രമണ സാധ്യതയുണ്ടെന്നും സൂചനകൾ പുറത്തു വരുന്നുണ്ട്.








