ഡല്‍ഹി: ഇന്ത്യയില്‍ ഒരു മാസത്തിനിടെ ആദ്യമായി സജീവ കൊവിഡ് കേസുകളുടെ എണ്ണം ഒമ്പത് ലക്ഷത്തില്‍ താഴെയെത്തിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. രാജ്യത്ത് ഇതുവരെ എഴുപത് ലക്ഷത്തോളം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. അതില്‍ 12.94 ശതമാനം മാത്രമാണ് ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്നത്.
‘സെപ്തംബര്‍ ഒമ്പതിന് ശേഷം ഇതാദ്യമായാണ് സജീവ കൊവിഡ് കേസുകളുടെ എണ്ണം ഒമ്ബത് ലക്ഷത്തില്‍ താഴെയാകുന്നത്. 20 സംസ്ഥാനങ്ങളില്‍ സജീവമായ കേസുകളുടെ എണ്ണത്തില്‍ കുറവുണ്ടായതിനാലാണ് ഇത് സംഭവിച്ചത്’- കേന്ദ്ര ആരോഗ്യ മന്ത്രാലയം ട്വീറ്റ് ചെയ്തു.
സെപ്തംബര്‍ ഒമ്പതിന് രാജ്യത്ത് 8.97 ലക്ഷം സജീവ കേസുകളാണുണ്ടായിരുന്നത്. രോഗമുക്തി നിരക്ക് കൂടുന്നതാണ് സജീവ കേസുകളുടെ എണ്ണം കുറയാന്‍ കാരണം. ഇതുവരെ 59,06,069 പേര് സുഖം പ്രാപിച്ചു. അതോടൊപ്പം തന്നെ പുതിയ കേസുകളുടെ എണ്ണവും ഇപ്പോള്‍ താരതമ്യേന കുറവാണ്.
കഴിഞ്ഞ മൂന്നാഴ്ചയിലേറെയായി പുതിയ കൊവിഡ് കേസുകളില്‍ 20 ശതമാനത്തോളം കുറവുണ്ടായി. സെപ്തംബര്‍ പകുതിയില്‍ ഒരു ലക്ഷത്തോളം എത്തിയ പ്രതിദിന രോഗികളുടെ എണ്ണം ഇപ്പോള്‍ ശരാശരി 75000 എന്ന നിലയിലേക്ക് കുറഞ്ഞു.
Discussion about this post