തൃശൂർ: അമ്മയെയും കുഞ്ഞിനെയും പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി. തൃശൂർ പാലാഴിയിൽ കക്കമാട് പ്രദേശത്തെ പുഴയിലാണ് മൃതദേഹം കണ്ടെത്തിയത്. മണലൂർ ആനക്കാട് സ്വദേശിനി കുന്നത്തുള്ളി വീട്ടിൽ കൃഷ്ണപ്രിയ(24), മകൾ പൂജിത(ഒന്നര) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
കാഞ്ഞാണിയിൽ മെഡിക്കൽ ഷോപ്പ് ജീവനക്കാരിയാണ് യുവതി. ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടെ ഭർത്താവിന്റെ വീട്ടിൽ പോകുകയാണെന്ന് പറഞ്ഞാണ് സ്വന്തം വീട്ടിൽ നിന്നും കുഞ്ഞിനെയും കൊണ്ട് പോയത്. എന്നാൽ, രാത്രിയായിട്ടും വീട്ടിൽ എത്താത്തതിനെ തുടർന്ന് ഭർത്താവ് അന്തിക്കാട് പോലീസിൽ പരാതി നൽകുകയായിരുന്നു.
ഇന്ന് പുലർച്ചെ നടക്കാനിറങ്ങിയവരാണ് പുഴയിൽ മൃതദേഹം കണ്ടെത്തിയത്. പുഴയിൽ കമിഴ്ന്ന നിലയിലായിരുന്നു മൃതദേഹം. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി പ്രദേശത്ത് തിരച്ചിൽ നടത്തി. മൃതദേഹത്തിന് സമീപത്ത് നിന്നും ലഭിച്ച ബാഗിൽ യുവതിയുടെ ഐഡി കാർഡ് ലഭിച്ചിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.












