തൃശ്ശൂർ : തൃശ്ശൂരിൽ പട്ടാപ്പകൽ കൊലപാതക കേസ് പ്രതിയെ വെട്ടിക്കൊന്നു. അന്തിക്കാട് ആദർശ്
കൊലക്കേസിലെ പ്രതിയായ തൃശ്ശൂർ മുറ്റിച്ചൂർ സ്വദേശി നിധിലാണ് കൊല്ലപ്പെട്ടത്. ആദർശ് കൊലപാതക കേസിൽ ജാമ്യത്തിലിറങ്ങിയപ്പോഴാണ് സംഭവം. ഗുണ്ടാസംഘങ്ങളുടെ കുടിപ്പകയാണ് കൊലയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം.
താന്ന്യത്ത് കുറ്റിച്ചൽ അന്തിക്കാട് സ്വദേശി ആദർശിനെ കഴിഞ്ഞ ജൂലൈയിലാണ് ഒരു സംഘം വെട്ടിക്കൊലപ്പെടുത്തിയത്. ഈ കേസിലെ പ്രതിയായ നിധിലിനെ ഇന്ന് നാലംഗസംഘം കൊലപ്പെടുത്തുകയായിരുന്നു. നിധിൽ യാത്ര ചെയ്യുകയായിരുന്ന കാറിൽ മറ്റൊരു കാറിലെത്തിയ സംഘം കാർ ഇടിപ്പിച്ച്, നിധിലിനെ തടഞ്ഞു നിർത്തി കാരമുക്ക് അഞ്ചങ്ങാടി റോഡിൽ വച്ചാണ് വെട്ടിക്കൊലപ്പെടുത്തിയത്. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും നിധിൽ മരിച്ചു. ഈ കൊലപാതകം ആദർശ് കൊലപാതകത്തിന്റെ തുടർച്ചയാണെന്നാണ് പോലീസ് നിഗമനം. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.












