ഗുവാഹത്തി: മദ്രസ്സകൾ ഏറ്റെടുക്കാനുള്ള തീരുമാനത്തിൽ നിന്നും പിന്നോട്ടില്ലെന്ന് വ്യക്തമാക്കി ആസാം സർക്കാർ. സർക്കാർ എയ്ഡഡ് മേഖലയിലെ മദ്രസ്സകൾ ഏറ്റെടുക്കാനുള്ള തീരുമാനം മതനിരപേക്ഷത കാത്ത് സൂക്ഷിക്കാനാണെന്ന് അസാം വിദ്യാഭ്യാസ മന്ത്രി ഹിമന്ത ബിശ്വ ശർമ്മ അറിയിച്ചു.
മദ്രസ്സകൾ ഏറ്റെടുത്ത് പൊതുവിദ്യാലയങ്ങളാക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ ഇസ്ലാമിക സംഘടനകൾ പ്രതിഷേധവുമായി രംഗത്ത് വന്ന സാഹചര്യത്തിലാണ് നിലപാട് വ്യക്തമാക്കി സർക്കാർ രംഗത്ത് വന്നത്. ജനങ്ങളുടെ നികുതിപ്പണം കൊണ്ട് ഖുറാൻ പഠിപ്പിക്കുന്നത് ശരിയല്ല. അങ്ങനെ ചെയ്യുന്നുവെങ്കിൽ നമ്മൾ അതേ രീതിയിൽ ഭഗവത് ഗീതയും ബൈബിളും പഠിപ്പിക്കണം. അതു കൊണ്ട് മതനിരപേക്ഷത കാത്ത് സൂക്ഷിക്കുന്നതിന് വേണ്ടിയാണ് തീരുമാനമെന്നും സർക്കാർ അറിയിച്ചു.
മദ്രസ്സകൾ പൊതുവിദ്യാലയങ്ങളാക്കി മാറ്റുന്നത് സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ പുരോഗതിക്ക് വലിയ മുതൽക്കൂട്ടാകും. വികസന കാര്യത്തിലും വിദ്യാഭ്യാസ പുരോഗതിയുടെ കാര്യത്തിലും സംസ്ഥാനത്തെ ബിജെപി സർക്കാർ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്നും വിദ്യാഭ്യാസ മന്ത്രി ഹിമന്ത ബിശ്വ ശർമ്മ വ്യക്തമാക്കി.








