ബ്രസ്സൽസ്: ചൈനക്കെതിരെ കടുത്ത നടപടിയുമായി യൂറോപ്യൻ യൂണിയൻ. ചൈനയിൽ നിന്നുള്ള അലൂമിനിയം ഉത്പന്നങ്ങൾക്ക് 48 ശതമാനം ഇറക്കുമതി തീരുവ ഏർപ്പെടുത്താൻ യൂറോപ്യൻ യൂണിയൻ തീരുമാനിച്ചു. വളരെ കുറഞ്ഞ വിലയിൽ ചൈനയിൽ നിന്നുള്ള ഇറക്കുമതി തുടരുന്നത് സാമ്പത്തിക ചട്ടങ്ങൾക്ക് വിരുദ്ധമായാണെന്ന് യൂറോപ്യൻ യൂണിയൻ നിയോഗിച്ച അന്വേഷണ സംഘം കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
ഇനി മുതൽ ചൈനയിൽ നിന്നുള്ള ഉത്പങ്ങൾക്ക് പൊതുവിൽ കനത്ത നികുതി ചുമത്താനും യൂറോപ്യൻ യൂണിയൻ തത്വത്തിൽ ധാരണയായതായാണ് റിപ്പോർട്ട്. വരുന്ന അഞ്ച് വർഷത്തേക്ക് തീരുമാനം പുനപരിശോധിക്കേണ്ടതില്ലെന്നും യൂറോപ്യൻ യൂണിയൻ തീരുമാനിച്ചു. ഇത് ചൈനക്ക് കടുത്ത പ്രതിസന്ധി സൃഷ്ടിക്കുമെന്നാണ് വിലയിരുത്തൽ.
യൂറോപ്യൻ യൂണിയൻ തീരുമാനം 27 രാജ്യങ്ങൾ നടപ്പിലാക്കാൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഗതാഗതം, നിർമ്മാണം, വൈദ്യുതോർജ്ജ മേഖല എന്നിവയിൽ ചൈനയിൽ നിന്നുള്ള അലുമിനിയം ഉപയോഗിക്കപ്പെടുന്നുണ്ട്. ഇതിന് ശക്തമായ നിയന്ത്രണം ഇതോടെ നിലവിൽ വരും. ഇനി മുതൽ യൂറോപ്യൻ യൂണിയന്റെ നേരിട്ടുള്ള നിയന്ത്രണത്തിൻ കീഴിലുള്ള യൂറോപ്യൻ അലൂമിനിയം എന്ന കമ്പനിയാകും അംഗരാജ്യങ്ങളിൽ അലൂമിനിയം ഇറക്കുമതി ചെയ്യുക.
കൊവിഡ് ഏൽപ്പിച്ച ആഘാതത്തിൽ നിന്ന് കരകയറാൻ ശ്രമിക്കുന്ന ചൈനീസ് സാമ്പത്തിക മേഖലക്ക് കനത്ത് തിരിച്ചടിയാണ് യൂറോപ്യൻ യൂണിയന്റെ തീരുമാനം. ചൈനീസ് കയറ്റുമതി മേഖലയുടെ നട്ടെല്ലൊടിക്കുന്ന തീരുമാനം എന്നാണ് ഇത് വിലയിരുത്തപ്പെടുന്നത്.










