തിരുവനന്തപുരം: കശ്മീർ വിഷയത്തിലും അതിർത്തിയിലെ സംഘർഷങ്ങളിലും ചൈനാ അനുകൂല നിലപാടുമായി സിപിഎം മുൻ ദേശീയ ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ട്. ‘അമേരിക്കയുടെ സാമന്തരാജ്യമാകണോ ‘ എന്ന തലക്കെട്ടിൽ ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിലാണ് പ്രകാശ് കാരാട്ട് തന്റെ ചൈനീസ് അനുകൂല നിലപാട് വ്യക്തമാക്കുന്നത്.
അതിർത്തിയിൽ ചൈനയുമായി സംഘർഷം നിലനിൽക്കുന്നതിനാലാണ് ‘ക്വാഡ്‘ എന്നറിയപ്പെടുന്ന ചതുർരാഷ്ട്രസഖ്യത്തിൽ ഇന്ത്യ അംഗമായത്. 5ജി കയറ്റുമതിയിൽനിന്ന് ചൈനീസ് കമ്പനിയായ ഹ്വാവേയെ തടയുക എന്നത് അമേരിക്കൻ അജൻഡയാണ്. ഏഷ്യ-പസഫിക് മേഖലയിലെ സുരക്ഷാസഖ്യത്തിൽ ഇന്ത്യയെ സമ്പൂർണ പങ്കാളിയാക്കുക എന്ന ട്രംപ് ഭരണകൂടത്തിന്റെ ലക്ഷ്യമാണ് ഇതിലൂടെ സാക്ഷാൽക്കരിക്കുന്നത്. യുഎസ്- പസഫിക് കമാൻഡിന്റെ പേര് യുഎസ് ഇന്തോ–-പസഫിക് കമാൻഡ് എന്നാക്കി മാറ്റുന്ന ചടങ്ങിലേക്ക് ഇന്ത്യ ഉയർന്ന സൈനിക ഉദ്യോഗസ്ഥനെ അയച്ചിരുന്നു. ചൈനയുമായി ഏറ്റുമുട്ടാനാണ് പ്രധാനമന്ത്രിയുടെ നീക്കമെന്ന് ഇതിലൂടെയെല്ലം വ്യക്തമാകുകയാണെന്നും കാരാട്ട് ലേഖനത്തിൽ ആരോപിക്കുന്നു.
2016ൽ അമേരിക്കയുമായി ഇന്ത്യ ഒപ്പുവച്ച ലോജിസ്റ്റിക്സ് കരാർ സൈനികസഖ്യത്തിന്റെ തുടക്കമായിരുന്നു. ഈ കരാർ ഇരുരാജ്യങ്ങളിലെയും സേനകൾക്ക് അടിസ്ഥാനസൗകര്യങ്ങൾ പരസ്‌പരം ഉപയോഗിക്കാൻ അനുമതി നൽകുന്നു. ഇത് അമേരിക്കയും ഇന്ത്യയും തമ്മിലുള്ള സൗഹൃദമാണ് സൂചിപ്പിക്കുന്നത്. ജൂണിൽ ഓസ്‌ട്രേലിയയുമായി ലോജിസ്റ്റിക്സ് സപ്പോർട്ട് കരാറിൽ ഒപ്പിട്ടു. സെപ്‌തംബർ ഒമ്പതിന് ഇന്ത്യയും ജപ്പാനും പരസ്‌പര സൈനിക സഹകരണത്തിനും വിതരണശൃംഖലയ്‌ക്കും സേവനത്തിനുമുള്ള കരാറിൽ ഒപ്പുവച്ചു.ഇതൊക്കെ ചൈനയ്ക്കെതിരെയുള്ള നീക്കമാണെന്നും പ്രകാശ് കാരാട്ട് ആരോപിക്കുന്നു.
ക്വാഡിലൂടെ അമേരിക്ക ലക്ഷ്യമിടുന്നത് ചൈനയ്ക്കെതിരായ നീക്കങ്ങളാണ്. 2020 ഫെബ്രുവരിയിൽ ട്രംപിന്റെ ഇന്ത്യ സന്ദർശനവേളയിൽ സംയുക്ത പ്രസ്‌താവനയിലും ചതുർരാഷ്ട്രസഖ്യം ശക്തിപ്പെടുത്തുന്നതിനെപ്പറ്റി ചർച്ച ചെയ്‌തതായി എടുത്തുപറഞ്ഞിരുന്നുവെന്നും കാരാട്ട് പറയുന്നു.
ചൈനയുമായി നേരിട്ടുള്ള ചർച്ചകളിലൂടെ അതിർത്തി സംഘർഷം പരിഹരിക്കുകയാണ് വേണ്ടത്. ഇതാണ് ഇന്ത്യയ്ക്ക് നല്ലതെന്ന് കാരാട്ട് പറയുന്നു. അമേരിക്കയുമായോ അതിന്റെ നിയന്ത്രണത്തിലുള്ള സംഖ്യങ്ങളുമായി ചേർന്നോ ചൈനാ വിരുദ്ധ ഗ്രൂപ്പിന്റെ ഭാഗമായതുകൊണ്ട് പ്രശ്‌നം പരിഹരിക്കാനാകില്ല. അമേരിക്കയുടെ സാമന്തരാജ്യമായി നിൽക്കുകയല്ല വേണ്ടത്. ജമ്മു കശ്‌മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതും ചൈനയ്‌ക്കെതിരെ അമേരിക്ക–- ഇന്ത്യ കൂട്ടുകെട്ട് തന്ത്രപരമായ നിലയിലേക്ക് നീങ്ങിയതുമാണ് കഴിഞ്ഞ ആറുമാസത്തിനിടയിൽ അതിർത്തിയിൽ സ്ഥിതി മോശമാക്കിയതെന്നും ലേഖനത്തിൽ പ്രകാശ് കാരാട്ട് അഭിപ്രായപ്പെടുന്നു.










