കത്വ ബലാത്സംഗകേസിലൂടെ പ്രശസ്തി നേടിയ അഭിഭാഷക ദീപിക സിംഗ് രജാവത്തിനെതിരെ മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് വ്യാപക പ്രതിഷേധം. ട്വിറ്ററിൽ ദീപിക വിവാദപരമായ ഒരു കാർട്ടൂൺ പങ്കു വെച്ചതിനു പിന്നാലെ നിരവധിയാളുകൾ ദീപികയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് രംഗത്തുവരികയായിരുന്നു.
‘വിരോധാഭാസം’ എന്ന തലക്കെട്ടോടെ നവരാത്രി സമയത്ത് പുരുഷൻ ദേവിയുടെ കാൽതൊട്ടു വന്നിക്കുന്നതും, ബാക്കിയുള്ള സമയങ്ങളിൽ ഇതേ പുരുഷൻ സ്ത്രീയെ ഭോഗിക്കാനൊരുങ്ങുന്നതു പോലെ കാൽ പിടിച്ചിരിക്കുന്നതുമായ കാർട്ടൂണാണ് അഭിഭാഷക പങ്കുവെച്ചിരുന്നത്. ഇതിനു പിന്നാലെ ദീപിക സിംഗ് ഹിന്ദുത്വത്തെയും ഹിന്ദുമത വിശ്വാസികളുടെ ആഘോഷങ്ങളെയും അപമാനിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി ട്വിറ്ററിലെ നിരവധിയാളുകൾ മുന്നോട്ടു വന്നു.
ഈ അഭിഭാഷകയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ട്വിറ്ററിൽ ഹാഷ്ടാഗ് ക്യാമ്പയിൻ നടന്നു വരികയാണ്. കത്വ ബലാത്സംഗകേസിലൂടെ പ്രശസ്തയായ ദീപികയെ 2018-ൽ ബലാത്സംഗത്തിന് ഇരയായ പെൺകുട്ടിയുടെ പിതാവ് തന്നെ നേരിട്ട് ഇടപെട്ട് കേസിൽ നിന്നും മാറ്റിയത് വലിയ വാർത്തയായിരുന്നു. കോടതിയിൽ ഹാജരാകുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അന്ന് ദീപികയെ കേസിൽ നിന്നും മാറ്റിയത്.










