സർക്കാർ പദ്ധതിയായ ലൈഫ് മിഷന്റെ പരസ്യത്തിന് അനധികൃതമായി വീടിന്റെ ചിത്രം ഉപയോഗിച്ചതിനെതിരെ ഉടമസ്ഥൻ രംഗത്ത്. വട്ടിയൂർക്കാവ് എം എൽ എയും സിപിഎം നേതാവുമായ വി കെ പ്രശാന്താണ് ഒടുവിൽ നാണം കെട്ട് പോസ്റ്റ് മുക്കി കണ്ടം വഴി ഓടിയത്. എന്നാൽ സംഭവം സാമൂഹിക മാധ്യമങ്ങളിൽ ട്രോളുകളുടെ പെരുമഴ തീർക്കുകയാണ്.
‘ലൈഫ്… നമ്മുടെ സർക്കാർ‘ എന്ന തലക്കെട്ടോടെയാണ് വി കെ പ്രശാന്ത് വീടിന്റെ ചിത്രം പങ്കു വെച്ചത്. ടാർപ്പാളിൻ കെട്ടിയ ഓലപ്പുരക്ക് മുന്നിൽ ദമ്പതികൾ നിൽക്കുന്ന ചിത്രത്തിന് താഴെയാണ് കോൺക്രീറ്റ് വീടിന്റെ ചിത്രം ചേർത്തിരിക്കുന്നത്. എന്നാൽ വീട്ടുടമസ്ഥൻ ഇത് കൈയ്യോടെ പിടികൂടിയതോടെയാണ് പാർട്ടി വൃത്തങ്ങൾക്കിടയിൽ നന്മമരം എന്ന് വിളിപ്പേരുള്ള മുൻ മേയറുടെ പൂച്ച് പുറത്തു ചാടിയത്.
‘ഇത് എന്റെ വീടാണ്. ഞങ്ങൾ കൂലിപ്പണി ചെയ്ത് ഉണ്ടാക്കിയ വീടാണ്. അല്ലാതെ സർക്കാർ തന്ന വീടല്ല. ഒന്നും അറിയാതെ ഇമ്മാതിരി പോസ്റ്റ് ഇടരുത്.‘ ഇതാണ് ചിത്രത്തിന് വീട്ടുടമസ്ഥൻ നൽകിയ മറുപടി.
‘പാവങ്ങൾ കഷ്ടപ്പെട്ട് പണിയെടുത്തു ഒരു വീടുണ്ടാക്കി. അതിന്റെ ഫോട്ടോയും എടുത്ത് തള്ളി മറിയ്ക്കാൻ നന്മമരം. വീടിന്റെ ഉടമസ്ഥൻ കണക്കിന് കൊടുത്തപ്പോൾ പോസ്റ്റ് മുക്കി ഓടിത്തള്ളി.
ലേശം ഉളുപ്പ് ??? എവിടെ ?? എന്നിങ്ങനെ പോകുകയാണ് ട്രോളുകൾ.
അതേസമയം ലൈഫ് മിഷനിലെ അഴിമതികളും ക്രമക്കേടുകളും ചൂണ്ടിക്കാട്ടിയ ഓഡിറ്റ് റിപ്പോർട്ട് നേരത്തെ പുറത്ത് വന്നിരുന്നു. തദ്ദേശ സ്ഥാപനങ്ങൾ പദ്ധതിയുടെ മറവിൽ നടത്തിയ വൻ ക്രമക്കേടുകളും സ്വജന പക്ഷപാതങ്ങളും സർക്കാരിനെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.












