ന്യൂഡൽഹി : നവരാത്രിയോടനുബന്ധിച്ച് വിവാദപരമായ പോസ്റ്ററുകൾ പുറത്തുവിട്ട ഒടിടി പ്ലാറ്റ്ഫോം ഇറോസ് നൗവിനെതിരെ ആഞ്ഞടിച്ച് ബോളിവുഡ് താരം കങ്കണ റണാവത്ത്. അശ്ലീലച്ചുവയോടെ ബോളിവുഡ് സൂപ്പർതാരങ്ങളുടെ ചിത്രങ്ങൾ ഉൾപ്പെടുത്തിയുള്ള പോസ്റ്ററുകളാണ് ഇറോസ് നൗ പങ്കുവെച്ചത്.
ഇതിനെതിരെ ഓൺലൈൻ സ്ട്രീമിംഗ് പ്ലാറ്റ്ഫോമുകളെല്ലാം പോൺഹബ്ബുകളാണെന്ന് അഭിപ്രായപ്പെട്ട് കങ്കണ രംഗത്തു വരികയായിരുന്നു. നവരാത്രി ആഘോഷത്തെ ഇറോസ് നൗ മോശമായി ചിത്രീകരിച്ചെന്ന് ചൂണ്ടിക്കാട്ടി നിരവധി പേർ വിമർശനമുന്നയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കലയെ ഡിജിറ്റലൈസ് ചെയ്യുന്നതിന്റെ ഏറ്റവും വലിയ അപകടമിതാണെന്നും എല്ലാ സ്ട്രീമിങ് പ്ലാറ്റ്ഫോമുകളും പോൺഹബ്ബ് അല്ലാതെ മറ്റൊന്നുമല്ലെന്നും താരം ട്വിറ്ററിൽ കുറിച്ചത്. എങ്ങും പ്രതിഷേധം രൂക്ഷമായതോടെ ഇറോസ് നൗ പോസ്റ്ററുകൾ പിൻവലിച്ച് ക്ഷമാപണം നടത്തി.
“കുടുംബ പ്രേക്ഷകർക്ക് കാണാൻ സാധിക്കുന്ന രീതിയിലുള്ള സിനിമകൾ വരണം. സമൂഹത്തിനു കാണാൻ കഴിയുന്ന തീയേറ്റർ എക്സ്പീരിയൻസായി സിനിമയെ നിലനിർത്തണം. ചിത്രങ്ങൾ വ്യക്തിപരമായി കാണാൻ സാധിക്കുന്ന രീതിയിലുള്ളതായി മാറുമ്പോൾ ലൈംഗിക നിറഞ്ഞ രംഗങ്ങൾ കൂടുതലായി വരുന്നു”- കങ്കണ ട്വീറ്റിൽ കൂട്ടിച്ചേർത്തു.









