മുംബൈ: കൊവിഡ് വാക്സിൻ പരീക്ഷണങ്ങളുടെ മൂന്നാം ഘട്ടം അടുത്ത മാസം ആരംഭിക്കുമെന്ന് ഇന്ത്യൻ കമ്പനിയായ ഭാരത് ബയോട്ടെക്ക് അറിയിച്ചു. പരീക്ഷണങ്ങൾ ശുഭസൂചനകൾ നൽകിയാൽ 2021 ജൂൺ മാസത്തോടെ വാക്സിൻ വിതരണസജ്ജമാകുമെന്നും കമ്പനി അറിയിച്ചു.
ഇരുപത്തി ആറായിരം സന്നദ്ധ പ്രവർത്തകരുടെ പങ്കാളിത്തത്തോടെ വൻ തോതിൽ മൂന്നാം ഘട്ട പരീക്ഷണം ആരംഭിക്കാനാണ് കമ്പനി തയ്യാറെടുക്കുന്നത്. ഇതിനായി ഡ്രഗ് കണ്ട്രോളറുടെ അമുനതി ലഭിച്ചതായി കമ്പനി എക്സിക്യൂട്ടീവ് ഡയറക്ടർ സായി പ്രസാദ് അറിയിച്ചു.
പരീക്ഷണം ആരംഭിച്ച് ആറ് മാസത്തിനുള്ളിൽ കൃത്യമായ ഫലം വിശകലനം ചെയ്യാൻ സാധിക്കും. തുടർന്ന് അടിയന്തര അനുമതിക്ക് അപേക്ഷ നൽകും. വാക്സിന് അംഗീകാരം ലഭിച്ചാൽ ആരോഗ്യ പ്രവർത്തകർക്കും സൈനികർക്കും അടിയന്തര ശ്രദ്ധ ആവശ്യമുള്ള മറ്റ് വിഭാഗങ്ങൾക്കും വാക്സിന് അതിവേഗം ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കും.
400 കോടി രൂപയുടെ ബൃഹത് പദ്ധതിയായാണ് ഭാരത് ബയോട്ടെക്ക് വാക്സിന് നിർമ്മാണത്തെ വിഭാവനം ചെയ്യുന്നത്. ഇതിൽ ഏറിയ പങ്കും പരീക്ഷണങ്ങൾക്കായാണ് ഉപയോഗിക്കപ്പെടുക. മൂന്നാം ഘട്ട പരീക്ഷണത്തിന്റെ വിജയത്തിനായി കമ്പനി കാത്തിരിക്കുകയാണെന്നും പരീക്ഷണങ്ങൾ ശുഭാപ്തിവിശ്വാസത്തോടെ മുന്നോട്ട് പോകുകയാണെന്നും കമ്പനി അധികൃതർ വ്യക്തമാക്കി.
Discussion about this post