ന്യൂഡൽഹി : അതിർത്തിയിലെ ഏതു മോശം സാഹചര്യത്തേയും നേരിടാൻ സജ്ജരായിരിക്കാൻ സൈനികർക്ക് നിർദ്ദേശം നൽകി ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ ബിപിൻ റാവത്ത്. നാവികസേനയുടെ മറൈൻ കമാൻഡോകളോട് കിഴക്കൻ ലഡാക്കിലെത്താൻ അദ്ദേഹം നിർദ്ദേശം നൽകിയിട്ടുണ്ട്.
ചൈനയുടെ പീപ്പിൾസ് ലിബറേഷൻ ആർമിയുമായി ഗോഗ്ര-ഹോട്ട് സ്പ്രിങ്സ് മേഖലയിലും പാംഗോങ് സോ നദിയുടെ തീരത്തുമായി ഇന്ത്യൻ സൈനികർ മുഖാമുഖം നിൽക്കുകയാണ്. ഇവിടേക്കാണ് മറൈൻ കമാൻഡോ ഫോഴ്സിനെ കൂടി (എംസിഎഫ്-MARCOS) വിന്യസിക്കുന്നത്. മറൈൻ കമാൻഡോസിനെ ഇന്ത്യൻ സ്പെഷ്യൽ ഫോഴ്‌സിനൊപ്പം വിന്യസിക്കാൻ തീരുമാനിച്ചിരിക്കുന്നത് ധ്രുവ-മരുഭൂമി പ്രദേശങ്ങളിലെ സാഹചര്യങ്ങൾ, കടുത്ത മഞ്ഞുവീഴ്ച, കാറ്റ് തുടങ്ങിയവയുമായി പൊരുത്തപ്പെട്ട് പരിശീലനം സിദ്ധിക്കാനാണെന്നാണ് സൂചനകൾ.
അതേസമയം, പ്രദേശത്തെ ട്രൂപ്പുകൾ ധ്രുവപ്രദേശത്തിനനുസൃതമായ വസ്ത്രങ്ങളുടെയും മുഖാവരണങ്ങളുടെയും അവസാന ഷിപ്പ്മെന്റ് ലഭിക്കാനായി കാത്തിരിക്കുകയാണ്. നവംബർ ആദ്യ ആഴ്ചയോടെ യുഎസ് സൈന്യത്തിന്റെ റിസർവ് സ്റ്റോക്കുകളിൽ നിന്നും ഇവയെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.










