എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർക്കെതിരെ രൂക്ഷവിമർശനവും അഴിമതി ആരോപണങ്ങളുമായി മുൻമന്ത്രിയും എം.എൽ.എയുമായ കെ.ബി. ഗണേഷ് കുമാർ. സ്വന്തം പദവി ദുരുപയോഗം ചെയ്ത് കുടുംബത്തിലെ 43 പേർക്കാണ് സുകുമാരൻ നായർ എൻ.എസ്.എസ് സ്ഥാപനങ്ങളിൽ ജോലി നൽകിയതെന്ന് ഗണേഷ് കുമാർ ആരോപിച്ചു. തനിക്കെതിരെ നിരന്തരം അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നത് തുടർന്നാൽ കൂടുതൽ തെളിവുകൾ സഹിതം കാര്യങ്ങൾ പുറത്തുവിടുമെന്നും, എന്നെക്കൊണ്ടും വാ തുറപ്പിക്കാതിരിക്കുന്നതാണ് പുള്ളിക്ക് നല്ലതെന്നും അദ്ദേഹം പറഞ്ഞു.
തനിക്കെതിരെയുള്ള കേസുകൾ ധൈര്യമുണ്ടെങ്കിൽ നേരിടുകയാണ് വേണ്ടതെന്നും അല്ലാതെ 89 തവണ അവധി വാങ്ങിവെക്കുകയല്ല വേണ്ടതെന്നും ഗണേഷ് കുമാർ കുറ്റപ്പെടുത്തി. “സുകുമാരൻ നായർക്കെതിരെ കോടതിയിൽ കേസ് കൊടുക്കാൻ ആഗ്രഹിക്കുന്നില്ല. കേസ് കൊടുത്താൽ അത് എൻ.എസ്.എസിന്റെ പണമാണ് നഷ്ടപ്പെടുത്തുന്നത്. അതിനാൽ ജനകീയ കോടതിയിൽ കാര്യങ്ങൾ പറയും, ജനങ്ങൾ അത് ശരിയാണോ എന്ന് തീരുമാനിക്കട്ടെ,” ഗണേഷ് കുമാർ വ്യക്തമാക്കി. രണ്ട് മാസം മുൻപ് കൊച്ചുമകന് ലാബ് അസിസ്റ്റന്റായി ജോലി നൽകിയതടക്കമുള്ള കാര്യങ്ങൾ ചൂണ്ടിക്കാട്ടിയ അദ്ദേഹം, തമിഴ്‌നാട്ടിലെ ശ്രീ അയ്യപ്പ കോളേജിന്റെ ഇപ്പോഴത്തെ സ്ഥിതി എന്താണെന്നും അതിന്റെ മാനേജർ ആരാണെന്നും ചോദിച്ചാൽ കൊഞ്ഞനം കുത്തിയിട്ട് കാര്യമില്ലെന്നും എടുത്തുപറഞ്ഞു.
എൻ.എസ്.എസിനൊപ്പം ഉറച്ചുനിൽക്കണമെന്ന പിതാവ് ആർ. ബാലകൃഷ്ണപിള്ളയുടെ വാക്ക് പാലിച്ചാണ് ഇത്രയും കാലം സുകുമാരൻ നായർക്കൊപ്പം നിന്നത്. എന്നാൽ യാതൊരു മാനദണ്ഡവുമില്ലാതെ ഒരു രാത്രി മര്യാദകേട് കാണിച്ച് പത്തനാപുരം എൻ.എസ്.എസ് യൂണിയൻ പിരിച്ചുവിടുകയാണ് ചെയ്തത്. ഇത് ശുദ്ധ ചതിയാണെന്നും താൻ കാര്യങ്ങൾ തുറന്നുപറയുമ്പോൾ ‘കേസ് കൊട്’ എന്ന് പറയുന്നതിൽ അർത്ഥമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സുകുമാരൻ നായരുടെ സ്വജനപക്ഷപാതത്തിനെതിരെയും അച്ചടക്ക നടപടികൾക്കെതിരെയും ശക്തമായ വെല്ലുവിളിയുയർത്തി ഗണേഷ് കുമാർ രംഗത്തെത്തിയത് എൻ.എസ്.എസ് നേതൃത്വത്തിലും രാഷ്ട്രീയ കേന്ദ്രങ്ങളിലും വലിയ തിരയിളക്കമാണ് സൃഷ്ടിച്ചിരിക്കുന്നത്.












