നിരോധിത ഭീകര സംഘടനയായ ലഷ്കർ-ഇ-തൊയ്ബ (LeT) ഉന്നത നേതാക്കൾക്കൊപ്പം വേദി പങ്കിടുകയും സംഘടനയുടെ തലവൻ ഹഫീസ് സയീദിനെ പരസ്യമായി പ്രശംസിക്കുകയും ചെയ്ത മുൻ പാകിസ്താൻ കേന്ദ്രമന്ത്രി ഷെയ്ഖ് റഷീദ് അഹമ്മദിനെതിരെ പ്രതിഷേധം ശക്തമാകുന്നു. പൊതുവേദിയിൽ വെച്ച് ഇന്ത്യയ്‌ക്കെതിരെ അതിരൂക്ഷമായ ഭീഷണികളും വർഗീയ പ്രകോപനങ്ങളുമാണ് മുൻ ആഭ്യന്തര മന്ത്രി കൂടിയായ ഷെയ്ഖ് റഷീദ് അഴിച്ചുവിട്ടത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെ പാകിസ്താന്റെ ഭീകരവാദ പിന്തുണ വീണ്ടും ആഗോളതലത്തിൽ തുറന്നുകാട്ടപ്പെടുകയാണ്.
ലഷ്കർ ഇ തൊയ്ബ മുതിർന്ന കമാൻഡറും പാകിസ്താൻ മർകാസി മുസ്ലിം ലീഗ് (PMML) പ്രസിഡന്റുമായ ഖാലിദ് മസൂദ് സന്ധു, ഭീകരസംഘടനയുടെ കേന്ദ്ര ഉപദേശക സമിതി അംഗം ഖാരി മുഹമ്മദ് യാക്കൂബ് ഷെയ്ഖ് എന്നിവർക്കൊപ്പമാണ് ഷെയ്ഖ് റഷീദ് വേദി പങ്കിട്ടത്. ചടങ്ങിൽ സംസാരിക്കവെ “ഞാൻ ഹഫീസ് സയീദിന്റെ അടിമയാണ്” എന്ന് ഷെയ്ഖ് റഷീദ് പരസ്യമായി പ്രഖ്യാപിക്കുകയായിരുന്നു. താൻ മുൻപ് അമേരിക്കയിൽ സന്ദർശനം നടത്തുന്നതിനിടെ ഹഫീസ് സയീദിന്റെ ഫോൺ നമ്പർ തന്റെ ഫോണിൽ കണ്ടതിനെ തുടർന്ന് യു.എസ് സർക്കാർ തന്നെ നാടുകടത്തിയിരുന്നുവെന്നും ഇയാൾ അവകാശപ്പെട്ടു.
തുടർന്ന് ഇന്ത്യയ്‌ക്കെതിരെ രൂക്ഷമായ വിഷവർഷമാണ് ഇയാൾ നടത്തിയത്. “ഇന്ത്യ പാകിസ്താന് നേരെ നോക്കിയാൽ പോലും അള്ളാഹു ഇന്ത്യയെ നശിപ്പിക്കും. ഇന്ത്യയിൽ കിളികൾ പോലും കൂട്ടില്ല, ക്ഷേത്രങ്ങളിൽ മണികൾ മുഴങ്ങില്ല” എന്നായിരുന്നു മുൻ പാക് മന്ത്രിയുടെ ഭീഷണി. തങ്ങൾ എപ്പോഴും പാകിസ്താനൊപ്പവും ഹഫീസ് സയീദിനൊപ്പവുമാണെന്ന് ഇയാൾ കൂട്ടിച്ചേർത്തു. ഇമ്രാൻ ഖാൻ സർക്കാരിൽ 2020 മുതൽ 2022 വരെ പാകിസ്താന്റെ ആഭ്യന്തര മന്ത്രിയായിരുന്ന വ്യക്തിയാണ് അവാമി മുസ്ലിം ലീഗ് തലവനായ ഷെയ്ഖ് റഷീദ്. ഭീകരരെ പരസ്യമായി പിന്തുണയ്ക്കുന്ന ഇയാളുടെ നിലപാടിനെതിരെ ശക്തമായ പ്രതിഷേധമാണ് ഇന്ത്യയിലും അന്താരാഷ്ട്ര തലത്തിലും ഉയരുന്നത്.











