കൊച്ചി : രാജ്യത്തെ ഞെട്ടിച്ച സ്വർണ്ണക്കടത്തിന് പിറകിൽ യു.എ.ഇ പൗരനായ ദാവൂദ് അൽ അറബിയെന്ന വ്യവസായിയാണെന്ന് കേസിലെ മുഖ്യ പ്രതി കെ.ടി റമീസിന്റെ മൊഴി. ദേശീയ അന്വേഷണ ഏജൻസി, കസ്റ്റംസ്, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് എന്നിവയ്ക്കു നൽകിയ മൊഴിയിലാണ് റമീസ് ദാവൂദെന്ന പേര് പരാമർശിക്കുന്നത്.
ഇത് യഥാർത്ഥ പേരാണോ അതോ മറ്റാരെയെങ്കിലും സൂചിപ്പിക്കാൻ ഉദ്ദേശിക്കുന്ന പേരാണോയെന്ന അന്വേഷണം നടക്കുകയാണ്. മുഖ്യപ്രതികളായ സന്ദീപ് നായർ, സ്വപ്ന സുരേഷ് എന്നിവരെ കരുതൽ തടങ്കലിൽ വെക്കാൻ കസ്റ്റംസ് സമർപ്പിച്ചാൽ കൊഫേപോസാ റിപ്പോർട്ടിൽ പറയുന്ന കാരാട്ട് റസാഖിനും കാരാട്ട് ഫൈസലിനും സ്വർണ്ണക്കടത്തിൽ പങ്കില്ലെന്നാണ് റമീസ് മൊഴി നൽകിയത്. ഇരുവരെയും ചാനൽ വാർത്തകളിൽ കണ്ട പരിചയം മാത്രമേയുള്ളൂവെന്നും റമീസ് വ്യക്തമാക്കുന്നു. 30 കിലോ സ്വർണം ഒളിപ്പിച്ച പാഴ്സൽ വിമാനത്താവളത്തിൽ തടഞ്ഞു വെച്ച വിവരമറിഞ്ഞ് റമീസ്, സന്ദീപിനെയും പി.എസ് സരിത്തിനെയും തിരുവന്തപുരത്തെ രഹസ്യ കേന്ദ്രത്തിൽ കണ്ടതായി അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. പിടിക്കപ്പെട്ടാൽ സരിത്ത് കുറ്റം ഏൽക്കണമെന്നും അതിനു പ്രതിഫലം നൽകാമെന്നും റമീസ് ഉറപ്പു നൽകി.
പരമാവധി ശിക്ഷ ഒരു വർഷത്തെ കരുതൽ തടവാണെന്നും, ഡൽഹിയിൽ സ്വാധീനം ചെലുത്തി ആറുമാസം കഴിയുമ്പോൾ പിഴയടച്ച് ഇറക്കാമെന്നും റമീസ് വാക്കു നല്കിയതായും അന്വേഷണ സംഘം കണ്ടെത്തി.
Discussion about this post