ചേര്‍ത്തല : സാമ്പത്തിക സംവരണം നല്‍കാനുള്ള തീരുമാനത്തില്‍ സംസ്ഥാന സര്‍ക്കാരിന് പിഴവ് പറ്റിയിട്ടുണ്ടെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. അതേസമയം മുന്നോക്കക്കാരിലെ പാവപ്പെട്ടവര്‍ക്ക് ആനുകൂല്യം ലഭിക്കുന്നതിന് എസ്എന്‍ഡിപി യോഗം എതിരല്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.
സംവരണം അനര്‍ഹര്‍ക്ക് ലഭിക്കരുത്. ഞങ്ങളുടെ കയ്യില്‍ നിന്നു പിടിച്ചുവാങ്ങുകയുമരുത്. ശ്രീനാരായണ ഓപ്പണ്‍ യൂണിവേഴ്‌സിറ്റി വിസി നിയമന വിഷയത്തില്‍ അഭിപ്രായം പറഞ്ഞതിന് എല്ലാവരും എന്നെ ഒറ്റപ്പെടുത്തി. ദൈവദശകത്തിലെ രണ്ട് വരിയെങ്കിലും തെറ്റാതെ ചൊല്ലാനറിയുന്നവരാകണം വിസിയെന്ന് ആഗ്രഹിച്ചു. ഇപ്പോള്‍ അത് അടഞ്ഞ അധ്യായമാണ്. മറ്റു വിഷയങ്ങളില്‍ സംസ്ഥാന സര്‍ക്കാരിനോട് അഭിപ്രായ വ്യത്യാസമില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.
അതേസമയം ഇന്ത്യയുടെ 103ാം ഭരണഘടനാ ഭേദഗതിയുടെ ചുവടുപിടിച്ച് വിദ്യാഭ്യാസ രംഗത്ത് മുന്നാക്ക സമുദായ വിദ്യാര്‍ഥി സംവരണം ഏര്‍പ്പെടുത്താനുള്ള സര്‍ക്കാര്‍ ഉത്തരവ് സാമൂഹികനീതിക്ക് എതിരും ഭരണഘടനാ വിരുദ്ധവുമാണെന്ന് ചൂണ്ടിക്കാട്ടി എസ്എന്‍ഡിപി യോഗം കൗണ്‍സില്‍ പ്രമേയം പാസാക്കി. മുന്നാക്ക സമുദായ വിദ്യാര്‍ഥി സംവരണ ബില്ലിനെക്കുറിച്ച് പ്രതിപക്ഷ നേതാവും യുഡിഎഫ് കണ്‍വീനറും നയം വ്യക്തമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി എന്നിവര്‍ പ്രസംഗിച്ചു.











