ബംഗളൂരു: ഹുളിമാവിലെ വാടക വീട്ടില്‍നിന്ന് എട്ടു ലക്ഷം രൂപയുടെ മയക്കുമരുന്ന് കണ്ടെത്തിയ കേസില്‍ പ്രതികളായ മൂന്ന് മലയാളി യുവാക്കളുടെ ജാമ്യ ഹർജി തള്ളി കര്‍ണാടക ഹൈക്കോടതി. എന്‍.ഡി.പി.എസ് ആക്ട് പ്രകാരം ഹുളിമാവ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ കണ്ണൂര്‍ സ്വദേശികളായ എന്‍.പി. തസ്ലിം (28), കെ.വി. ഹസീബ് (25), കോഴിക്കോട് സ്വദേശി റാഷിഖ് അലി (25) എന്നിവരുടെ ജാമ്യ ഹർജിയാണ് തള്ളിയത്.
കഴിഞ്ഞ ജൂണ്‍11ന് സെന്‍ട്രന്‍ ക്രൈം ബ്രാഞ്ച് ആന്‍ഡ് നാര്‍ക്കോട്ടിക്‌സ് വിങ്ങ് നടത്തിയ റെയ്ഡില്‍ എട്ടു ലക്ഷം രൂപയുടെ മയക്കുമരുന്നുകളുമായി തസ്ലിം, ഹസീബ്, റാഷിഖ് അലി എന്നിവരെ കൂടാതെ മലപ്പുറം സ്വദേശി മുഹമ്മദ് അമീര്‍ (23), പുല്‍പള്ളി പെരിക്കല്ലൂര്‍ സ്വദേശി ജോമോന്‍ (24), ബംഗളൂരു ബെന്നാര്‍ഘട്ടയില്‍ താമസിക്കുന്ന മനു തോമസ് ( 26) എന്നിവരും പിടിയിലായിരുന്നു.
കേരളത്തില്‍ നിന്ന് കഞ്ചാവും മറ്റു മയക്കുമരുന്ന് പദാര്‍ഥങ്ങളും എത്തിച്ച് ബംഗളൂരുവിലെ കോളജ് വിദ്യാര്‍ഥികള്‍ക്ക് ഉള്‍പ്പെടെ വിതരണം ചെയ്യുന്ന സംഘമാണ് പിടിയിലായതെന്ന് ക്രൈം വിഭാഗം ജോയിന്‍റ് കമീഷണര്‍ സന്ദീപ് പാട്ടീല്‍ വെളിപ്പെടുത്തിയിരുന്നു. ഇവര്‍ കഴിഞ്ഞ വീട്ടില്‍ നിന്ന് കഞ്ചാവ്, മയക്കുഗുളികകള്‍, എല്‍.എസ്.ഡി സ്ട്രിപ്പുകള്‍ തുടങ്ങിയവയാണ് കണ്ടെടുത്തത്.
തങ്ങളുടെ പക്കല്‍ നിന്ന് മയക്കുമരുന്ന് കണ്ടെടുത്തിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് തസ്ലിം, ഹസീബ്, റാഷിഖ് അലി എന്നിവര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍, വീട്ടില്‍നിന്ന് കണ്ടെടുത്ത ബാഗിനുള്ളില്‍ മയക്കു മരുന്നാണുള്ളതെന്ന് തങ്ങള്‍ക്കറിയില്ലായിരുനുവെന്ന് തെളിയിക്കാന്‍ പ്രതികള്‍ക്ക് ബാധ്യതയുണ്ടെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.
Discussion about this post