സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ ചോദ്യം ചെയ്യുന്നത് മൂന്നുമണിക്കൂര്‍ പിന്നിട്ടു. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കൊച്ചിയിലെ ഓഫീസിലാണ് ചോദ്യം ചെയ്യല്‍ പുരോഗമിക്കുന്നത്.
വൈകുന്നേരം 3.15 ഓടെയാണ് ശിവശങ്കറിനെ കൊച്ചിയിലെ ഓഫീസില്‍ എത്തിച്ചത്. ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. കോടതി വിധി വന്നതിന് തൊട്ടുപിന്നാലെയാണ് ശിവശങ്കറിനെ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തത്. സ്വര്‍ണകടത്തിന്റെ ഗൂഢാലോചനയില്‍ എം. ശിവശങ്കറിന് സജീവ പങ്കുണ്ടെന്നാണ് എന്‍ഫോഴ്‌സ്‌മെന്റിന്റെ വാദം. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നത പദവി കള്ളക്കടത്തിനായി ദുരുപയോഗം ചെയ്‌തെന്നും എന്‍ഫോഴ്‌സ്‌മെന്റ് വാദിച്ചു. മുന്‍കൂര്‍ ജാമ്യ ഹര്‍ജി നിയമപരമായി നിലനില്‍ക്കില്ലെന്ന് കസ്റ്റംസും ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്.
അറസ്റ്റ് ഒഴിവാക്കാനുള്ള ശിവശങ്കറിന്റെ നാടകമായിരുന്നു ആശുപത്രി വാസമെന്നാണ് കസ്റ്റംസ് കോടതിയെ അറിയിച്ചിരിക്കുന്നത്. അറസ്റ്റ് ഉണ്ടാകുമെന്ന് ഭയന്നാണ് ശിവശങ്കര്‍ കോടതിയെ സമീപിച്ചതെന്നും കസ്റ്റംസ് നല്‍കിയ മറുപടിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. മുന്‍കൂര്‍ ജാമ്യം നല്‍കിയാല്‍ സ്വാധീന ശേഷിയുള്ള ശിവശങ്കർ തെളിവുകള്‍ നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്നും കേന്ദ്ര ഏജന്‍സികള്‍ വാദിച്ചു.
Discussion about this post