ബംഗളൂരു : ലഹരിമരുന്ന് കേസിൽ ബിനീഷിനെ പ്രതിയാക്കാൻ നീക്കമാരംഭിച്ച് എൻ.സി.ബി. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഓഫീസിലെത്തിയ എൻ.സി.ബി ഉദ്യോഗസ്ഥർ ബിനീഷ് കൊടിയേരിയുടെ മൊഴികൾ പരിശോധിച്ചു. ഇന്നലെ വൈകുന്നേരത്തോടെയാണ് എൻ.സി.ബിയുടെ മൂന്ന് ഉദ്യോഗസ്ഥർ ശാന്തിനഗറിലുള്ള എൻഫോഴ്‌സ്‌മെന്റ് ഓഫീസിലെത്തിയത്.
ബിനീഷിൽ നിന്നും കാര്യങ്ങൾ ചോദിച്ചറിയാൻ അൽപ സമയം ചെലവഴിച്ച എൻ.സി.ബി ഉദ്യോഗസ്ഥർ എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരുമായി രണ്ടു മണിക്കൂറിലധികം നീണ്ട ചർച്ച നടത്തി. ബിനീഷിന്റെ നിർദ്ദേശപ്രകാരം ലഹരിമരുന്ന് ഇടപാടിനായി 50 ലക്ഷം രൂപ 20 അക്കൗണ്ടുകൾ വഴി എത്തിയെന്നാണ് അനൂപ് മുഹമ്മദ് എൻഫോഴ്സ്മെന്റിന് മൊഴി നൽകിയിരിക്കുന്നത്. ഈ മൊഴിയാണ് ബിനീഷിന് കുരുക്കായി മാറിയത്.
അതേസമയം, എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരുടെ ചോദ്യം ചെയ്യലിനോട് ബിനീഷ് കൊടിയേരി ശനിയാഴ്ചയും നിസ്സഹകരണം തുടർന്നു. പണമിടപാടിനെ കുറിച്ചുള്ള വിവരങ്ങൾ വെളിപ്പെടുത്താൻ ബിനീഷ് തയ്യാറാവുന്നില്ല. ഇയാളെ കാണാൻ അനുമതി തേടി ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് കുടുംബം.












