സിന്ധ് : 13 വയസ്സുള്ള ക്രിസ്ത്യൻ പെൺകുട്ടിയെ ബലമായി വിവാഹം കഴിച്ച 44 കാരൻ അനുകൂലമായി വിധി പറഞ്ഞ് പാക് കോടതി. സിന്ധിലെ റെയിൽവേ കോളനിക്ക് സമീപം താമസിക്കുന്ന ആർസു രാജയെന്ന പെൺകുട്ടിയെയാണ് ഇക്കഴിഞ്ഞ ഒക്ടോബർ 13ന് അസ്ഹർ അലിയെന്നയാളുടെ നേതൃത്വത്തിൽ ചില മുസ്ലീം യുവാക്കൾ തട്ടിക്കൊണ്ടു പോയത്.
പെൺകുട്ടിയുടെ കുടുംബം പരാതി നൽകിയതിനെ തുടർന്നാണ് പെൺകുട്ടിയെ കോടതിയിൽ ഹാജരാക്കിയത്. എന്നാൽ, ബലമായി അസ്ഹർ അലി വിവാഹം ചെയ്ത പെൺകുട്ടിയെ അപ്പോഴേക്കും ആർസു രാജയെന്ന പേരിൽ മതം മാറ്റിയിരുന്നു. പെൺകുട്ടിക്ക് 18 വയസ്സു കഴിഞ്ഞ സർട്ടിഫിക്കറ്റും ഭർത്താവ് ഹാജരാക്കി. ഇതോടെ, മറ്റു വാദങ്ങളെല്ലാം തള്ളി കോടതി ഭർത്താവിന് അനുകൂലമായി വിധി പറയുകയായിരുന്നു. അസ്ഹർ അലിക്ക് 44 വയസ്സ് പ്രായമുണ്ട്. വിവാഹിതനായ ഇയാൾക്ക് വേറെ ഭാര്യയും കുട്ടികളുമുണ്ട്.
പാകിസ്ഥാനിൽ നിർബന്ധിത മതപരിവർത്തനവും പെൺകുട്ടികളെ തട്ടിക്കൊണ്ടു പോയി ബലമായി വിവാഹം ചെയ്യലും വർദ്ധിക്കുന്നുവെന്നും, സർക്കാർ ഇതിനു കൂട്ടു നിൽക്കുകയാണെന്നും ഹ്യൂമൻ റൈറ്റ്സ് ഫോക്കസ് എന്ന പാകിസ്ഥാനി മനുഷ്യാവകാശ സംഘടന വെളിപ്പെടുത്തുന്നു. ക്രിസ്ത്യൻ, ഹിന്ദു സമൂഹങ്ങളിൽ പെട്ട പെൺകുട്ടികളാണ് കൂടുതലായും ഇത്തരം അക്രമങ്ങൾക്ക് ഇരയാകുന്നതെന്ന് സംഘടനയുടെ പ്രസിഡണ്ട് നവീദ് വാൾട്ടർ വ്യക്തമാക്കി. തട്ടിക്കൊണ്ടു പോകുന്ന ദിവസം തന്നെ പെൺകുട്ടിയെ മതം മാറ്റുകയും വിവാഹം ചെയ്യുകയുമാണ് ഇത്തരം സംഘങ്ങൾ അവലംബിക്കുന്ന രീതി.









