മാലി : മാലിയിലുണ്ടായ വ്യോമാക്രമണത്തിൽ അമ്പതോളം അൽ-ഖ്വയ്ദ തീവ്രവാദികളെ കൊലപ്പെടുത്തി ഫ്രഞ്ച് സൈന്യം. വെള്ളിയാഴ്ച നടന്ന ആക്രമണത്തെ സംബന്ധിച്ച വിവരങ്ങൾ ഫ്രഞ്ച് സർക്കാരാണ് പുറത്തുവിട്ടത്. ആക്രമണം നടന്നത് ബുർകിന ഫാസോയുടെയും നൈജറിന്റെയും അതിർത്തിക്കടുത്തുള്ള പ്രദേശത്തു വെച്ചാണ്.
ഇസ്ലാമിക ഭീകരവാദം ഫ്രാൻസിൽ ശക്തമായതോടെ, ഭരണകൂടം നിലപാട് കടുപ്പിച്ചിരിക്കുകയാണ്. ഒക്ടോബർ -30 നു ബാർഖെയ്ൻ സേന മാലിയിൽ നടത്തിയ സൈനിക നീക്കത്തിൽ അൽ-ഖ്വയ്ദയുമായി സഖ്യമുണ്ടാക്കിയ അമ്പതോളം ജിഹാദികളെ കൊലപ്പെടുത്തിയെന്നും നിരവധി ആയുധങ്ങളും സ്‌ഫോടകവസ്തുക്കളും കണ്ടെടുത്തുവെന്നും ഫ്രാൻസിന്റെ പ്രതിരോധ മന്ത്രി ഫ്ലോറൻസ് പാർലി അറിയിച്ചു. മാത്രമല്ല, രാജ്യത്ത് നടക്കുന്ന ഇസ്ലാമിക കലാപം തടയാൻ സർക്കാർ പാടുപെടുകയാണെന്ന് അവർ വ്യക്തമാക്കി. കലാപകാരികളുടെ നിരവധി മോട്ടോർ സൈക്കിളുകളും സൈന്യം നശിപ്പിച്ചതായാണ് വിവരങ്ങൾ.
ഡ്രോൺ നിരീക്ഷണത്തിൽ ഒരു വലിയ മോട്ടോർ സൈക്കിൾ സംഘത്തെ പ്രദേശത്ത് കണ്ടെത്തിയതിനെ തുടർന്നാണ് ഫ്രഞ്ച് സൈന്യം സൈനിക നീക്കമാരംഭിച്ചത്. രക്ഷപ്പെടുന്നതിനായി ഭീകരർ മരങ്ങൾക്കിടയിലേക്ക് നീങ്ങിയപ്പോൾ ഫ്രഞ്ച് സൈന്യം രണ്ടു മിറാഷ് ജെറ്റുകളും ഒരു ഡ്രോണുമുപയോഗിച്ച് മിസൈലുകൾ തൊടുത്തു. നാല് തീവ്രവാദികളെ ജീവനോടെ പിടികൂടിയതായി ഫ്രഞ്ച് സൈനിക വക്താവ് കേണൽ ഫ്രഡറിക്ക് ബാർബി അറിയിച്ചിട്ടുണ്ട്. ഗ്രേറ്റർ സഹാറയിലെ ഇസ്ലാമിക് സ്റ്റേറ്റിനെ ലക്ഷ്യമിട്ട് മറ്റൊരു സൈനിക നീക്കം നടക്കുന്നുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.












