കൊൽക്കത്ത : തൃണമൂൽ കോൺഗ്രസ് പ്രവർത്തകർക്ക് മുന്നറിയിപ്പുമായി പശ്ചിമ ബംഗാൾ ബിജെപി അധ്യക്ഷൻ ദിലീപ് ഘോഷ്. തൃണമൂൽ പ്രവർത്തകർ പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന ശീലം തിരുത്താൻ തയ്യാറായില്ലെങ്കിൽ കൈയ്യും കാലും ഒടിയുമെന്നും വീണ്ടും പ്രശ്നങ്ങൾ തുടർന്നാൽ പിന്നീടുള്ള യാത്ര ശ്മശാനത്തിലേക്കായിരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പു നൽകി. ഈസ്റ്റ് മിഡ്നാപൂരിലെ ഹാൽഡിയയിൽ നടന്ന റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തൃണമൂൽ പ്രവർത്തകരെ ‘മമതാ ദീദിയുടെ സഹോദരന്മാർ’ എന്നാണ് ദിലീപ് ഘോഷ് വിശേഷിപ്പിച്ചത്.
“പ്രശ്നമുണ്ടാക്കുന്ന ദീദിയുടെ സഹോദരന്മാർ അടുത്ത ആറു മാസത്തിനുള്ളിൽ അവരുടെ ശീലങ്ങളിൽ മാറ്റം വരുത്തണം. അല്ലാത്ത പക്ഷം, നിങ്ങളുടെ കൈയ്യും കാലും വാരിയെല്ലുകളും ഒടിയും. നിങ്ങൾ ആശുപത്രിയിലേക്ക് ഒരു യാത്ര പോകേണ്ടി വരും. എന്നിട്ടും നിർത്തിയില്ലെങ്കിൽ ശ്മശാനത്തിൽ പോകേണ്ടിവരും” – അദ്ദേഹം കൂട്ടിച്ചേർത്തു. അടുത്ത വർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ദിലീപ് ഘോഷിന്റെ ഈ മുന്നറിയിപ്പ്. തൃണമൂൽ സർക്കാരിന്റെ ദിവസങ്ങൾ എണ്ണപ്പെട്ടു കഴിഞ്ഞുവെന്ന് വിശദമാക്കിയ ഘോഷ് സംസ്ഥാനത്ത് സ്വതന്ത്രവും നീതിയുക്തവുമായ നിയമസഭാ തെരഞ്ഞെടുപ്പാണോ നടക്കുന്നതെന്ന് കേന്ദ്രം ഉറപ്പു വരുത്തുമെന്നും പറഞ്ഞു.












