ജയ്സാൽമീർ: സ്വന്തം രാജ്യത്തിന്റെ അതിർത്തി ഇടയ്ക്കിടെ വലുതാക്കണമെന്നു തോന്നുന്നത് ഒരുതരം മാനസികരോഗമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജസ്ഥാനിലെ ജയ്സാൽമീറിൽ സൈനികരെ അഭിസംബോധന ചെയ്ത് പ്രസംഗിക്കവേയാണ് പ്രധാനമന്ത്രിയുടെ ഈ പരാമർശം.
ലഡാക് അതിർത്തിയിൽ ചൈന നടത്തുന്ന അതിർത്തി മാന്തലിനെ ലക്ഷ്യമിട്ടായിരുന്നു പ്രധാനമന്ത്രിയുടെ ഈ പ്രയോഗം. അതിർത്തി കയ്യേറ്റം ലോകം നേരിടുന്ന വലിയൊരു പ്രശ്നമാണെന്നും, ഇക്കാലത്തും അത്തരം പതിനെട്ടാം നൂറ്റാണ്ടിലെ ചിന്താഗതി കൊണ്ടു നടക്കുന്നവരുണ്ടെന്നും ചൈനയെ ഉദ്ദേശിച്ച് പ്രധാനമന്ത്രി വ്യക്തമാക്കി. കരസേനയിലെ സൈനികരോട് സംവദിക്കുകയായിരുന്നു അദ്ദേഹം.
“ഹിമാലയത്തിലെ മഞ്ഞുമലകളാകട്ടെ, പരന്നു കിടക്കുന്ന മരുഭൂമിയാകട്ടെ, സമുദ്രത്തിലെ ആഴങ്ങളാകട്ടെ, ഇന്ത്യൻ സൈന്യത്തിന്റെ ശൗര്യം ഓരോ വെല്ലുവിളിയിലും പ്രകടമാകുക തന്നെ ചെയ്യും”- പ്രധാനമന്ത്രി വ്യക്തമാക്കി രാജസ്ഥാനിലെ പാകിസ്ഥാൻ അതിർത്തിയായ ലോംഗേവാലയിലേക്കുള്ള യാത്രാമധ്യേയാണ് പ്രധാനമന്ത്രി ജയ്സാൽമീർ സൈനിക ക്യാമ്പിൽ ഇറങ്ങിയത്.1971-ലെ ഇന്ത്യ-പാക് യുദ്ധത്തിൽ പ്രശസ്തമായ അതിർത്തിയിലെ ഔട്ട്പോസ്റ്റാണ് ലോംഗേവാല. ഇവിടെയാണ് ഇക്കുറി അദ്ദേഹം സൈനികരോടൊപ്പം ദീപാവലി ആഘോഷിക്കുന്നത്.








