ന്യൂഡൽഹി: കഴിഞ്ഞ വെള്ളിയാഴ്ച ജമ്മുകശ്മീരിലുള്ള ബാരാമുള്ളയിൽ വെടിനിർത്തൽ കരാർ ലംഘിച്ച് പാകിസ്ഥാൻ നടത്തിയ വെടിവെയ്‌പ്പിൽ വീരമൃത്യു വരിച്ച ബിഎസ്എഫ് ജവാന്റെ മൃതദേഹം സംസ്കരിച്ചു. ബിഎസ്എഫ് സബ് ഇൻസ്‌പെക്ടർ രാകേഷ് ദോഭാലിന്റെ മൃതദേഹമാണ് സംസ്കരിച്ചത്.
അച്ഛന്റെ മൃതദേഹത്തിനു മുന്നിൽ ഭാരത് മാതാ കി ജയ്, ജയ് ഹിന്ദ് എന്നിങ്ങനെ ഉറക്കെ വിളിച്ച് ആദരവർപ്പിച്ച 10 വയസ്സുള്ള മകൾ ദ്വിത്യ, താൻ ഭാവിയിൽ ഇന്ത്യൻ ആർമിയിൽ ചേരുമെന്നും തന്റെ പിതാവിനു നൽകാവുന്ന ഏറ്റവും വലിയ ആദരവാകും അതെന്ന് പറയുകയും ചെയ്തു. 39 കാരനായ രാകേഷിന്റെ മൃതദേഹം ഇന്നലെ രാവിലെ ഏഴു മണിക്കാണ് ജന്മനാടായ ഋഷികേശിലെത്തിച്ചത്.
“ഞാൻ വളരുമ്പോൾ ഇന്ത്യൻ ആർമിയിൽ ചേർന്ന് രാജ്യത്തെ സേവിക്കും. രാജ്യത്തിനു വേണ്ടിയാണ് എന്റെ അച്ഛൻ വീരമൃത്യു വരിച്ചത്. ഞാനും അച്ഛന്റെ പാത പിന്തുടരും. എനിക്ക് കഴിയുന്നതൊക്കെ ചെയ്യും. അത് ഞാൻ അച്ഛനു നൽക്കാൻ പോകുന്ന ഏറ്റവും വലിയ ബഹുമതിയായിരിക്കും.”- അന്ത്യകർമ്മങ്ങൾക്കിടെ ദ്വിത്യ പറഞ്ഞു.
രാകേഷിന്റെ അമ്മയും ഭാര്യയും പൊട്ടിക്കരയുന്നുണ്ടായിരുന്നെങ്കിലും അവരെ ആശ്വസിപ്പിക്കാനും പത്തുവയസുകാരിയായ ദ്വിത്യ അസാമാന്യ മനക്കരുത്ത് കാണിച്ചു. 2004-ൽ ബിഎസ്എഫിൽ ചേർന്ന രാകേഷിനു കഴിഞ്ഞ വർഷമാണ് ജമ്മുകശ്മീരിൽ പോസ്റ്റിങ് ലഭിച്ചത്.
Discussion about this post