തിരുവനന്തപുരം : ശ്രീനാരായണ ഗുരുദേവനെ കുരിശിലേറ്റിയ സി.പി.എം നടപടി അത്യന്തം ഗുരുതരമാണെന്ന് വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന പ്രസിഡന്റ് എസ്.ജെ.ആര് കുമാര്‍ പ്രസ്താവനയില്‍ പറഞ്ഞു.
ഭാരതീയസമൂഹം പരിപാവനമായി കരുതുന്ന ശ്രീകൃഷ്ണ ജയന്തി ആഘോഷത്തിന്റെ ഭാഗമായ ശോഭായാത്രയെയും ഹൈന്ദവ സമൂഹത്തെയും പരിഹസിക്കാന്‍ സി.പി.എം നടത്തിയ പ്രകടനങ്ങളില്‍, സഭ്യതയുടെയും സംസ്കാരത്തിന്റെയും എല്ലാ അതിരുകളും ലംഘിച്ചത് മാപ്പര്‍ഹിക്കാത്ത കുറ്റമാണ്. കേരളസമൂഹത്തെ ഇരുട്ടില്‍ നിന്ന് വെളിച്ചത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയ ശ്രീനാരായണഗുരുദേവനെ നിഷ്ഠുരമായി പൊതുജന മദ്ധ്യത്തില്‍ അവഹേളിച്ചത് ഹൈന്ദവ സമൂഹത്തോടുള്ള വെല്ലുവിളിയായേ കാണാനാവൂ എന്നും അദ്ദേഹം പറഞ്ഞു.
ചെയ്ത തെറ്റിന് സി.പി.എം നേതാക്കള്‍ എത്രയും പെട്ടെന്ന് ഗുരുസന്നിധിയില്‍ പോയി മാപ്പുചോദിക്കണം. അല്ലെങ്കില്‍ അവര്‍ സ്വയം കുരിശിലേറേണ്ട സ്ഥിതി വൈകാതെ വരുമെന്നും കുമാര്‍ തന്റെ പ്രസ്താവനയില്‍ പറയുന്നു.
സിപിഎം തളിപ്പറമ്പ് സൗത്ത് ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കൂവോട് നടത്തിയ ഘോഷയാത്രയിലാണു വിവാദ നിശ്ചല ദൃശ്യം ഇടംപിടിച്ചത്. മഞ്ഞ വസ്ത്രം ധരിച്ച ഗുരുവിനെ കാവിയുടുത്ത രണ്ടുപേര്‍ ചേര്‍ന്നു കുരിശില്‍ തറക്കുന്നതാണു ദൃശ്യം. കുരിശിനു മുകളില്‍ ത്രിശൂലവും ദൃശ്യത്തിലുണ്ട്.
ഇതേസമയം, ജില്ലയിലെ ബാലസംഘം ഘോഷയാത്രകളില്‍ ശ്രീനാരായണ ഗുരുവിനെ ആക്ഷേപിച്ചുള്ള ഒരു ദൃശ്യവും ഉണ്ടായിരുന്നില്ലെന്നും ഇതു സംബന്ധിച്ചു സമൂഹമാധ്യമങ്ങളിലൂടെ നുണപ്രചാരണം നടത്തുന്നതു പ്രതിഷേധാര്‍ഹമാണെന്നും സിപിഎം ജില്ലാ കമ്മിറ്റി പറയുന്നു.
കോടിയേരി നങ്ങാറത്തുപീടികയില്‍ ആര്‍എസ്എസുകാരാണ് ശ്രീനാരായണഗുരുവിന്റെ പ്രതിമ തകര്‍ത്തത്. ഈ വാര്‍ത്ത പുറത്തു വന്നതിനെ തുടര്‍ന്നാണ് ഗുരുവിനെ മോശമായി ചിത്രീകരിച്ചു എന്ന നിലയിലുള്ള വ്യാജവാര്‍ത്ത പ്രചരിക്കപ്പെട്ടത്. ഗുരു പ്രതിമ തകര്‍ത്ത ആര്‍എസ്എസുകാര്‍ക്കെതിരെ പ്രതിഷേധം ഉയര്‍ന്നുവരണമെന്നും ജില്ലാകമ്മിറ്റി ആവശ്യപ്പെട്ടു.
Discussion about this post