ശ്രീനഗർ: നാഷണൽ കോൺഫറൻസുമായുള്ള സഖ്യം വർഗ്ഗീയതയുടെ അടിസ്ഥാനത്തിലാണെന്ന് ആരോപിച്ച് ജമ്മു കശ്മീരിൽ പിഡിപിയുടെ മൂന്ന് സ്ഥാപക നേതാക്കൾ പാർട്ടി വിട്ടു. ദമാൻ ഭാസിൻ, ഫല്ലൈൽ സിംഗ്, പ്രീതം കോട്വാൾ എന്നിവരാണ് പാർട്ടി വിട്ടത്. ഇവരുടെ രാജി പിഡിപി അധ്യക്ഷ മെഹബൂബ മുഫ്തിക്ക് കനത്ത തിരിച്ചടിയായി.
ഗൂഢ സ്വഭാവമുള്ള വർഗ്ഗീയ ശക്തികളുടെ നിയന്ത്രണത്തിലാണ് ഇപ്പോൾ പിഡിപി. നാഷണൽ കോൺഫറൻസുമായുള്ള പാർട്ടിയുടെ സഖ്യം വർഗ്ഗീയതയിൽ അടിസ്ഥാനപ്പെടുത്തിയുള്ളതാണ്. ഇത് പാർട്ടിയുടെ സ്ഥാപക തത്വങ്ങൾക്ക് വിരുദ്ധമാണെന്ന് നേതാക്കൾ രാജിക്കത്തിൽ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യൻ ദേശീയ പതാകയ്ക്ക് എതിരായ മെഹബൂബയുടെ പരാമർശത്തിൽ പ്രതിഷേധിക്കുന്നതായും രാജി വെച്ച നേതാക്കൾ അറിയിച്ചു.
നേരത്തെ സമാനമായ കാരണങ്ങൾ ഉന്നയിച്ച് മുതിർന്ന പിഡിപി നേതാവും മുൻ എം പിയുമായ ടി എസ് ബജ്വയും പാർട്ടി വിട്ടിരുന്നു. ജമ്മു കശ്മീരിൽ ഡിഡിസി തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന അവസരത്തിലെ നേതാക്കളുടെ രാജി പിഡിപിക്ക് മാത്രമല്ല ഗോപ്കർ സഖ്യത്തിനാകെ തിരിച്ചടിയാണ്. അതേസമയം കൂടുതൽ നേതാക്കൾ സഖ്യം വിടാൻ സന്നദ്ധരാണെന്നാണ് സൂചന.










