മുംബൈ: മുംബൈ ഭീകരാക്രമണത്തിന്റെ പന്ത്രണ്ടാം വാര്‍ഷികമാണ് ഇന്ന്. ലോകം കണ്ട ഏറ്റവും വലിയ തീവ്രവാദ ആക്രമണമായിരുന്നു മുംബൈയിലേത്. 26/11 എന്ന അക്കങ്ങളില്‍ ലോകം രേഖപ്പെടുത്തിയ ദുരന്തത്തില്‍ ജീവന്‍ പൊലിഞ്ഞത് നൂറുകണക്കിന് നിരപരാധികളാണ്.
പാകിസ്ഥാനാണ് ആക്രമണത്തിന് പിന്നിലെന്ന് തിരിച്ചറിഞ്ഞെങ്കിലും ശക്തമായ തിരിച്ചടി നല്‍കാന്‍ ഇന്ത്യ മടിച്ചു. തിരിച്ചടിക്ക് സേനാവിഭാഗങ്ങളില്‍ നിന്നടക്കം ആവശ്യമുയര്‍ന്നെങ്കിലും അന്നത്തെ മന്‍മോഹന്‍ സര്‍ക്കാര്‍ അനുമതി നല്‍കാന്‍ മടിക്കുകയായിരുന്നു. പാകിസ്ഥാനില്‍ നിന്നും കടല്‍ മാര്‍ഗമെത്തിയായിരുന്നു ഇന്ത്യയുടെ വ്യാപാര തലസ്ഥാനമായ മുംബൈയില്‍ ഭീകരര്‍ ആക്രമണം നടത്തിയത്.
സുരക്ഷയിലുണ്ടായ വീഴ്ചയെ കുറിച്ച് ഇതോടെ ഭരണാധികാരികളുടെ ശ്രദ്ധ തിരിഞ്ഞു. ഇന്ന് മുംബൈ ഭീകരാക്രമണത്തിന് 12 വര്‍ഷം തികയുമ്പോള്‍ രാജ്യത്തെ ചുറ്റപ്പെട്ട് കിടക്കുന്ന സമുദ്രത്തില്‍ ഇന്ത്യ വരുത്തിയ സുരക്ഷാ മാറ്റങ്ങള്‍ വളരെ വലുതാണ്.
ഇന്നത്തെ മാറ്റങ്ങളിങ്ങനെയാണ്:
മുംബൈ ഭീകരാക്രമണത്തിന് ശേഷം ഏറ്റവും കൂടുതല്‍ നവീകരണമുണ്ടായത് കോസ്റ്റ് ഗാര്‍ഡിനാണ്. ഇന്ത്യയുടെ 7,500 കിലോമീറ്റര്‍ തീരപ്രദേശത്ത് പട്രോളിംഗ് നടത്തുന്ന കോസ്റ്റ് ഗാര്‍ഡിന് 2008 ഉണ്ടായിരുന്നത് തുച്ഛമായ 74 കപ്പലുകളായിരുന്നു. ഇന്ന് അവയുടെ എണ്ണം134ആയി ഉടന്‍ 200 കപ്പലുകളുള്ള സേനയായി മാറും. 2008-ല്‍ നിരീക്ഷണത്തിനായി 44 വിമാനങ്ങളുണ്ടായിരുന്ന കോസ്റ്റ് ഗാര്‍ഡിന് ഇന്ന് 58 വിമാനങ്ങളുണ്ട്.
കടലില്‍ ഫലപ്രദമായി പട്രോളിംഗ് നടത്താന്‍ രത്നഗിരിയില്‍ എയര്‍ സ്റ്റേഷനും നിര്‍മ്മിച്ചു. കോസ്റ്റ് ഗാര്‍ഡിന്റെ നവീകരണ പ്രവര്‍ത്തികള്‍ക്കായി 2017ല്‍ മോദി സര്‍ക്കാര്‍ 31,748 കോടി രൂപയുടെ പദ്ധതിക്കാണ് രൂപം നല്‍കിയത്. അഞ്ച് വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കാനാവുന്ന പദ്ധതികളാണ് ഇതിലുള്ളത്. 2008 ല്‍ 5,000ഓളം ഉദ്യോഗസ്ഥരുടെ ഒരു ചെറിയ സംഘത്തില്‍ നിന്ന്, നിലവില്‍ 12000 അംഗബലമുള്ള സേനയാണ് കോസ്റ്റ് ഗാര്‍ഡ്, ഇനിയും 8000 പേരെ കൂടി ഉള്‍പ്പെടുത്തി സേനയെ വിപുലീകരിക്കുവാനാണ് പദ്ധതി ഇടുന്നത്.
കോസ്റ്റ് ഗാര്‍ഡിനൊപ്പം പുറം കടലില്‍ പരിശോധനയും നിരീക്ഷണവും കര്‍ശനമാക്കാന്‍ നാവിക സേനയും കൂടുതല്‍ ശ്രദ്ധ നല്‍കിയത് മുംബൈ തീവ്രവാദ ആക്രമണത്തോടെയാണ്. ഇതിനായി നാവികസേനയെ നോഡല്‍ ഏജന്‍സിയാക്കി മാറ്റിയ സര്‍ക്കാര്‍ മുംബൈ വിശാഖപട്ടണം, കൊച്ചി, പോര്‍ട്ട് ബ്ലെയര്‍ എന്നിവിടങ്ങളില്‍ നാല് സംയുക്ത പ്രവര്‍ത്തന കേന്ദ്രങ്ങള്‍ ആരംഭിച്ചു. ഇതോടു കൂടി രാജ്യത്തെ സമുദ്രാതിര്‍ത്തി കടക്കുന്ന ഏതു കപ്പലും ചെറുയാനങ്ങലും നാവിക സേനയുടെ കണ്ണില്‍ക്കൂടിയല്ലാതെ ഇന്ത്യന്‍ അതിര്‍ത്തി കടക്കാന്‍ കഴിയാത്ത സ്ഥിതിയുണ്ടാക്കി. നാവിക സേനയുടെ പ്രത്യേക നിരീക്ഷണ കേന്ദ്രങ്ങളില്‍ സന്ദേശം ലഭിച്ചാല്‍ നാല് മിനിട്ടിനുള്ളില്‍ പറക്കാന്‍ തയ്യാറായി ഒരു വിമാനം എപ്പോഴും തയ്യാറാക്കി, ഏത് സാഹചര്യത്തിലും 30 മിനിറ്റിനുള്ളില്‍ പ്രഹരിക്കുവാന്‍ തയ്യാറായി കപ്പലുകളും സമുദ്രാതിര്‍ത്തിയില്‍ കാവലാണ്.
തീവ്രവാദി ആക്രമണം മുംബൈ പൊലീസിനെയും കണ്ണുതുറപ്പിച്ചു. മഹാരാഷ്ട്രയുടെ തീരപ്രദേശത്തെ 35 സ്ഥലങ്ങളില്‍ പ്രത്യേക ടാര്‍ഗെറ്റ് റൂമുകള്‍ തയ്യാറാക്കി. നൈറ്റ് വിഷന്‍, തെര്‍മല്‍ ക്യാമറകള്‍, സാറ്റലൈറ്റ് ഫോണുകള്‍ എന്നീ സജ്ജീകരണങ്ങള്‍ ഒരുക്കി. തീരമേഖലയെ കോര്‍ത്തിണക്കി സിസിടിവി ശൃംഖലകള്‍ സ്ഥാപിച്ചു.
Discussion about this post