ദോഹ: എല്ലായിടത്തുമുള്ള ഇന്ത്യക്കാർക്ക് ഇന്ത്യൻ എംബസിയുടെ സേവനം എളുപ്പത്തിൽ ലഭ്യമാക്കുന്നതിനായി ഖത്തറിലെ വിവിധ ഇടങ്ങളിൽ പ്രത്യേക കോൺസുലാർ ക്യാമ്പുകൾ സംഘടിപ്പിക്കുമെന്ന് ഇന്ത്യൻ അംബാസഡർ ഡോ. ദീപക് മിത്തൽ. എല്ലാ മാസവും ഏഷ്യൻ ടൗണിലെ ഇന്ത്യക്കാർക്കായി കോൺസുലാർ ക്യാമ്പ് നടത്തുമെന്നും അദ്ദേഹം അറിയിച്ചു.
വെള്ളിയാഴ്ച ഏഷ്യൻ ടൗണിൽ തൊഴിലാളികൾക്കു മാത്രമായി കോൺസുലാർ ക്യാമ്പ് സംഘടിപ്പിച്ചിരുന്നു. ഈ ക്യാമ്പിലാണ് ഡോ. ദീപക് മിത്തൽ ഇക്കാര്യം വ്യക്തമാക്കിയത്. ഏഷ്യൻ ടൗണിലെ ലേബർ സിറ്റിയിലും പരിസരത്തുമുള്ള തൊഴിലാളികൾക്കായി നടത്തിയ ക്യാമ്പ് നിരവധിപേർക്ക് ഉപകാരപ്രദമായി. ക്യാമ്പിനെത്തിയവരിൽനിന്നും അംബാസിഡർ വിവരങ്ങൾ ചോദിച്ചറിഞ്ഞിരുന്നു. ഐ.സി.ബി.എഫുമായി സഹകരിച്ചാണ് ഏഷ്യൻ ടൗണിലെ ലേബർ സിറ്റിയിൽ കോൺസുലാർ ക്യാമ്പ് നടത്തിയത്. ക്യാമ്പിൽ ആകെ 79 തൊഴിലാളികൾക്ക് വിവിധ സേവനങ്ങൾ നൽകാൻ സാധിച്ചു.
പാസ്പോർട്ട് സംബന്ധമായ 44 സേവനങ്ങളും പി.സി.സിയും പവർ ഓഫ് അറ്റോർണിയുമായും ബന്ധപ്പെട്ട് യഥാക്രമം എട്ടും 15-ഉം സേവനങ്ങളുമാണ് നൽകിയത്. കൂടാതെ, അറ്റസ്റ്റേഷനുമായി ബന്ധപ്പെട്ട 27 സേവനങ്ങളും നൽകി.










