ഡല്‍ഹി: വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ പ്രവാസി ഇന്ത്യക്കാരെ (എന്‍.ആര്.ഐ) തപാല്‍ ബാലറ്റിലൂടെ വോട്ട് ചെയ്യാന്‍ അനുവദിക്കാമെന്ന് കേന്ദ്ര സര്‍ക്കാറിനെ അറിയിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്. സാങ്കേതികമായും ഭരണപരമായും ഇലക്ട്രോണിക്കലി ട്രാന്‍സ്മിറ്റഡ് ബാലറ്റ് സംവിധാനം എന്‍.ആര്.ഐ വോട്ടര്‍മാര്‍ക്ക് കൂടി നല്കാന് കഴിയുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് നിയമ വകുപ്പിനെ അറിയിച്ചു. കേരളം, അസ്സം, വെസ്റ്റ് ബംഗാള്‍, തമിഴ്നാട്, പുതുച്ചേരി എന്നിവിടങ്ങളില്‍ നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ഇത് സാധ്യമാകും. 2021 ഏപ്രില്‍, മെയ് മാസങ്ങളിലാണ് തെരഞ്ഞെടുപ്പ്.
ഏകദേശം ഒരു കോടി ഇന്ത്യക്കാര്‍ വിദേശ രാജ്യങ്ങളില്‍ കഴിയുന്നുണ്ടെന്നാണ് കണക്ക്. ഇതില്‍ 60 ലക്ഷം പേരും വോട്ടിന് അര്‍ഹരാണ്. നിലവില്‍ സര്‍വിസ് വോട്ടര്‍മാര്‍ക്ക് മാത്രമാണ് ഇലക്ട്രോണിക്കലി ട്രാന്‍സ്മിറ്റഡ് ബാലറ്റ് സംവിധാനം വിനിയോഗിക്കാനാവുക. ഈ സംവിധാനം ഉപയോഗിച്ച് ആദ്യം ഇ-മെയില്‍ വഴി പോസ്റ്റല്‍ ബാലറ്റ് അയക്കും. തുടര്‍ന്ന് പ്രിന്റെടുത്ത് വോട്ട് രേഖപ്പെടുത്തി തപാല്‍ വഴി മടക്കിനല്കണം.
വിദേശ വോട്ടര്‍മാര്‍ക്ക് ഈ സൗകര്യം നല്കണമെങ്കില് സര്‍ക്കാര്‍ 1961ലെ തെരഞ്ഞെടുപ്പ് ചട്ടം ഭേദഗതി ചെയ്യേണ്ടതുണ്ട്. എന്നാല്‍, ഇതിന് പാര്‍ലമെന്റിന്‍െറ അംഗീകാരം ആവശ്യമില്ല. നിയമ ഭേദഗതി വന്നാല്‍, തപാല്‍ ബാലറ്റിലൂടെ വോട്ടുചെയ്യാന്‍ താല്‍പ്പര്യമുള്ളവര്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ച് അഞ്ച് ദിവസത്തിനുള്ളില്‍ റിട്ടേണിംഗ് ഓഫിസറെ അറിയിക്കണം.
റിട്ടേണിങ് ഓഫിസര്‍ ബാലറ്റ് പേപ്പര്‍ ഇലക്ട്രോണിക്കായി അയക്കും. തുടര്‍ന്ന് പ്രിന്റെടുത്ത് വോട്ട് രേഖപ്പെടുത്താം. പിന്നീട് എന്‍.ആര്.ഐ താമസിക്കുന്ന രാജ്യത്തിന്റെ നയതന്ത്ര പ്രതിനിധി നിയോഗിച്ച ഉദ്യോഗസ്ഥന് സാക്ഷ്യപ്പെടുത്തണം. തുടര്‍ന്നാണ് തപാല്‍ വഴി അയക്കേണ്ടത്.
Discussion about this post