ഡൽഹി: ഹാത്രാസ് സന്ദര്‍ശിക്കാന്‍ പോകുന്നതിതിനിടെ ഉത്തര്‍പ്രദേശ് പോലീസ് അറസ്റ്റ് ചെയ്ത മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്റെ തടങ്കലിനെതിരെ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് കേരള പത്ര പ്രവര്‍ത്തക യൂണിയന്‍. സുപ്രീം കോടതിയില്‍ നിന്ന് വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തിലായിരിക്കണം അന്വേഷണം എന്നും കോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ് മൂലത്തില്‍ യൂണിയന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മുപ്പത് ദിവസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ നിര്‍ദേശിക്കണമെന്നും യൂണിയന്‍ കോടതിയോട് ആവശ്യപ്പെട്ടു.
സിദ്ദിഖ് കാപ്പന് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി പ്രത്യക്ഷമായോ, പരോക്ഷമായോ ബന്ധമില്ലെന്നും കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ് മൂലത്തില്‍ പറയുന്നു.
കാപ്പന് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ഓഫീസ് സെക്രട്ടറിയാണെന്ന ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ വാദം തെറ്റാണ്. ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മാധ്യമ പ്രവര്‍ത്തകനാണ് കാപ്പനെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.
സിദ്ദിഖ് കാപ്പനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതി നാളെ പരിഗണിക്കും.
Discussion about this post