കോൺഗ്രസ് പാർട്ടിയുടെ അവസരവാദ കർഷക രാഷ്ട്രീയത്തിനെതിരെ ആഞ്ഞടിച്ച് മുൻ കോൺഗ്രസ് വക്താവ് സഞ്ജയ് ഝാ. 2019 -ലെ ലോകസഭ തെരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ സൂചിപ്പിച്ചിരുന്നതിന്റെ നേരെ വിപരീതമായ കാര്യങ്ങളാണ് പാർട്ടിയിപ്പോൾ ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു സഞ്ജയ് ഝായുടെ പ്രതികരണം.
നേരത്തെ രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധിയെ സംബന്ധിച്ച് പരസ്യപ്രസ്താവന നടത്തിയതിന് സഞ്ജയ് ഝായെ പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്തിരുന്നതാണ്. ഇപ്പോൾ പാർട്ടി കർഷകരെ പിന്തുണയ്ക്കുന്നുണ്ടെങ്കിൽ എന്തുകൊണ്ടാണ് യുപിഎ സർക്കാർ മിനിമം സപ്പോർട്ട് പ്രൈസ് (എംഎസ്പി) സംബന്ധിച്ച നിയമം നടപ്പിലാക്കാതെയിരുന്നതെന്ന് അദ്ദേഹം ആരാഞ്ഞു. കോൺഗ്രസ് നേതൃത്വത്തിനെതിരെയും സഞ്ജയ് ശക്തമായി ആഞ്ഞടിച്ചു.
കേന്ദ്രസർക്കാരിന്റെ കാർഷിക ബില്ലുകൾക്കെതിരെ വിവിധ പ്രതിപക്ഷ പാർട്ടികൾ കുപ്രചരണം നടത്തുന്നത് തുടരുകയാണ്. ഇവയ്‌ക്കെല്ലാം ശക്തമായ മറുപടി നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തുവന്നിരുന്നു. പ്രതിപക്ഷ പാർട്ടികൾ കേന്ദ്ര സർക്കാരിന്റെ പുതിയ നയങ്ങളെ എതിർക്കുക പതിവാണെന്നും എന്നാൽ ഇപ്പോൾ എതിർക്കുന്നതിനു പകരം പൊതുജനങ്ങളില്‍ മനഃപ്പൂര്‍വ്വം ഭീതി പടര്‍ത്താനുള്ള പ്രവൃത്തികളിലേർപ്പെടുന്നത് ഒരു ട്രെൻഡായി മാറിയിരിക്കുകയാണെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്.










