ന്യൂഡൽഹി: ഗാൽവൻ താഴ്‌വരയിൽ ഇന്ത്യയും ചൈനയും തമ്മിൽ സംഘർഷങ്ങൾ നിലനിൽക്കെ, തദ്ദേശീയമായി നിർമിച്ച മിസൈലുകൾ പരീക്ഷിച്ച് ഇന്ത്യൻ വ്യോമസേന. ഏത് ആക്രമണവും തടയാൻ ശേഷിയുള്ള പത്തോളം ആകാശ് മിസൈലുകളാണ് പരീക്ഷിച്ചത്.
ആന്ധ്രപ്രദേശിലെ സൂര്യലങ്ക ടെസ്റ്റ്‌ഫയറിംഗ് റേഞ്ചിലായിരുന്നു പരീക്ഷണം നടന്നത്. നേരിട്ടു തൊടുത്തപ്പോൾ കൃത്യമായി ലക്ഷ്യം ഭേദിച്ചുവെന്ന് വ്യോമസേനാ വൃത്തങ്ങൾ അറിയിച്ചു. അടുത്തിടെ പരിഷ്കരിച്ചവയാണ് ആകാശ് മിസൈലുകൾ. ഇനിയും ഉയരത്തിലുള്ള ലക്ഷ്യസ്ഥാനങ്ങൾ ഭേദിക്കാവുന്ന തരത്തിൽ ആകാശ് മിസൈലുകളെ പരിഷ്കരിക്കാനുള്ള ഗവേഷണങ്ങൾ നടത്തി വരികയാണ് ഡിആർഡിഒ. സംഘർഷ സാഹചര്യം പരിഗണിച്ച് കൂടുതൽ ഫലപ്രദമായവ മിസൈൽ സംവിധാനത്തിൽ കൊണ്ടുവരാനും ഡിആർഡിഒ ശ്രമിക്കുന്നുണ്ട്.
ചൈന അതിർത്തിയിൽ വിന്യസിച്ചിരിക്കുന്നത് അഞ്ചാം തലമുറ യുദ്ധവിമാനങ്ങളായ ജെ20 പോലുള്ളവയാണ്. സുരക്ഷാകാര്യങ്ങൾക്കുള്ള മന്ത്രിസഭാ സമിതി വ്യോമസേനയ്ക്ക് ഏഴ് സ്ക്വാഡ്രൺ മിസൈൽ സംവിധാനങ്ങൾ സ്ഥാപിക്കാൻ 5500 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഇത്തരം മൂന്നു മിസൈൽ സംവിധാനങ്ങളാണ് പാകിസ്ഥാനും ചൈനയുമായുള്ള അതിർത്തിയിൽ ഇന്ത്യ വിന്യസിക്കാൻ പോകുന്നത്.








