ന്യൂഡൽഹി: ലോകത്തിലെ ഏറ്റവും മികച്ച ക്രൂയിസ് മിസൈലായ ഇന്ത്യയുടെ ബ്രഹ്മോസ് വാങ്ങാൻ താൽപര്യം പ്രകടിപ്പിച്ച് ഗൾഫ് രാജ്യങ്ങൾ. യുഎഇയും സൗദിയുമാണ് ബ്രഹ്മോസ് വാങ്ങാൻ താല്പര്യപ്പെട്ട് രംഗത്ത് വന്നിട്ടുള്ളത്.
ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ ആരംഭിച്ചു കഴിഞ്ഞുവെന്നാണ് റിപ്പോർട്ടുകൾ. ലോകത്തിലെ ഏക ശബ്ദാതിവേഗ ക്രൂയിസ് മിസൈലാണ് ബ്രോഹ്മോസ്. കര- നാവിക- വ്യോമസേനകൾക്കു വേണ്ടിയുള്ള ബ്രഹ്മോസ് പ്രത്യേക പതിപ്പുകൾ തയ്യാറാക്കിയിട്ടുണ്ട്. ബ്രഹ്മോസ് മിസൈൽ വഹിക്കാൻ ശേഷിയുള്ളത് സുഖോയ് 30 വിമാനങ്ങൾക്ക് മാത്രമാണ്. ഇതിനായി സുഖോയ് പരിഷ്കരിച്ചു തയ്യാറാക്കുകയായിരുന്നു. ബ്രഹ്മോസിനു പുറമേ ഇന്ത്യയുടെ സ്വന്തം ആകാശ് മിസൈലും വാങ്ങാൻ സൗദി താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്.
തീരദേശ പ്രതിരോധ നീക്കങ്ങൾ ശക്തിപ്പെടുത്തുന്നതിനാൽ നേരത്തെ തന്നെ ഇത്തരത്തിലുള്ള മിസൈൽ സ്വന്തമാക്കാൻ സൗദിക്ക് താൽപര്യമുണ്ടെന്ന് വ്യക്തമാക്കിയിരുന്നു. അതേസമയം, അടുത്തയാഴ്ച കരസേനാ മേധാവി ജനറൽ എംഎം നരവനെ സൗദിയും യുഎഇയും സന്ദർശിക്കും. ഈ രാജ്യങ്ങളിലെ സൈനിക തലവൻമാരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തുമെന്നാണ് റിപ്പോർട്ടുകൾ.











