തിരുവനന്തപുരം: രാഷ്ട്രീയ, സിനിമ, ഉദ്യോഗസ്ഥ പ്രമുഖരുടെ കള്ളപ്പണം ഡോളറാക്കി വിദേശത്തേക്ക് കടത്തിയെന്ന് സംശയിക്കുന്ന ഭരണഘടനാ പദവിയുള്ള ഉന്നത നേതാവിന്റെ വിദേശ യാത്രകള്‍ കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കുന്നു. ഇരുപതിലേറെയുള്ള ഈ യാത്രകളില്‍ ഭൂരിഭാഗവും യു. എ. ഇയിലേക്കായിരുന്നു. നാല് യാത്രകളില്‍ സ്വര്‍ണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷും ഒപ്പമുണ്ടായിരുന്നു. പ്രത്യേക പരിരക്ഷയുള്ള ഇദ്ദേഹത്തിന്റെ ലഗേജുകള്‍ വിമാനത്താവളത്തില്‍ ഗ്രീന്‍ചാനലിലൂടെ, പരിശോധനയില്ലാതെ വിമാനത്തിലേക്ക് കയറ്റും.
യു.എ.യിലും ഇതേ സൗകര്യം ഉപയോഗിച്ച് പരിശോധയില്ലാതെ ബാഗുകള്‍ പുറത്തെത്തിക്കും. സംസ്ഥാനത്ത് ഈ പരിരക്ഷയുള്ള ചുരുക്കം നേതാക്കളേയുള്ളൂ. ഈ സൗകര്യം ഉപയോഗിച്ച് ഡോളര്‍ കടത്തിയെന്നാണ് സംശയം. കസ്റ്റംസ് മുദ്രവച്ച കവറില്‍ കോടതിയില്‍ നല്‍കിയ മൊഴിയിലുള്ള വമ്പന്‍ സ്രാവുകളിലൊരാള്‍ ഈ ഉന്നതനാണ്. പലവട്ടം ചോദ്യം ചെയ്തിട്ടും ഈ ഉന്നതന്റെ വിവരങ്ങള്‍ സ്വപ്ന വെളിപ്പെടുത്തിയിരുന്നില്ല. സ്വപ്ന മായ്ചുകളഞ്ഞ വാട്സാപ് സന്ദേശങ്ങള്‍ സി-ഡാക്കില്‍ വീണ്ടെടുത്തപ്പോഴാണ് ഉന്നതന്റെ പങ്ക് കണ്ടെത്തിയത്. ഈ നേതാവുമായുള്ള ഉറ്റബന്ധം ഉപയോഗിച്ചാണ് ഡോളര്‍ കടത്തിയതെന്നാണ് സ്വപ്ന പിന്നീടുള്ള ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തിയത്.
അതേസമയം സ്വപ്നയുടെയും സരിത്തിന്റെയും മൊഴികള്‍ ഞെട്ടിക്കുന്നതാണ്. അഴിമതിയിലൂടെ ലഭിച്ച പണമാണ് ഇത്തരത്തില്‍ കടത്തിയതെന്നും പ്രതികള്‍ നല്‍കിയ മൊഴിയിലുണ്ട്. സംസ്ഥാനത്തെ വിവിധ ഐടി പദ്ധതികളുടെ കമ്മീഷന്‍ വഴി ലഭിച്ച പണമാണ് ഇത്തരത്തില്‍ വിദേശത്ത് നിക്ഷേപിച്ചത്. ദുബായില്‍ സര്‍വ്വകലാശാലയുടെ ശാഖ തുടങ്ങാന്‍ ഇടത് നേതാവ് ശ്രമം നടത്തിയതായി സ്വപ്ന സുരേഷ് കസ്റ്റംസിനോട് പറഞ്ഞു. ഇതിനുവേണ്ടിയാണ് പണം ഡോളറായി കടത്തിയത്.
Discussion about this post