മുംബൈ : ഷീന ബോറ വധക്കേസിന്റെ അന്വേഷണം പുരോഗമിക്കുന്നതിനിടെ മുംബയ് പൊലീസ് കമ്മിഷണര്‍ സ്ഥാനത്ത് നിന്ന് രാകേഷ് മരിയയ്ക്ക് സ്ഥാനമാറ്റം. മഹാരാഷ്ട്ര ഹോം ഗാര്‍ഡ്സ് ഡയറക്ടര്‍ ജനറലായാണ് രാകേഷിനെ സര്‍ക്കാര്‍ മാറ്റി നിയമിച്ചത്. ഡി.ജി.പി റാങ്കിലുള്ള അഹമ്മദ് ജാവേദ് ആണ് പുതിയ കമ്മിഷണര്‍.
കേസിലെ മുഖ്യപ്രതിയും ഷീനയുടെ അമ്മയുമായ ഇന്ദ്രാണി മുഖര്‍ജി അടക്കമുള്ളവരെ അറസ്റ്റു ചെയ്തത് രാകേഷ് മരിയയുടെ മേല്‍നോട്ടത്തിലായിരുന്നു. ഇന്ദ്രാണി കുറ്റം സമ്മതിച്ചെങ്കിലും കൊലയ്ക്ക് പിന്നിലെ കാരണം അറിവായിട്ടില്ല.
മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് ചൊവ്വാഴ്ച രാവിലെ ജപ്പാന് സന്ദര്‍ശനത്തിനായി പോകുന്നതിന് മുമ്പാണ് രാകേഷ് മരിയയെ മാറ്റി നിയമിച്ചു കൊണ്ടുള്ള ഉത്തരവില്‍ ഒപ്പുവച്ചത്. ഷീന ബോറ വധക്കേസ് കൈകാര്യം ചെയ്ത രാകേഷ് മരിയയുടെ രീതിയിലും ഫട്നാവിസിന് അതൃപ്തിയുണ്ടെന്നാണ് സൂചന. കേസിന് പൊലീസ് അനാവശ്യ പ്രധാന്യം നല്‍കിയതിലും സര്‍ക്കാരിന് നീരസമുണ്ട്.
അതേസമയം, രാകേഷ് മരിയയുടെ സ്ഥാനചലനവും ഷീന ബോറ വധക്കേസ് അന്വേഷണവുമായി യാതൊരു തരത്തിലുള്ള ബന്ധവും ഇല്ലെന്നാണ് സര്‍ക്കാര്‍ പറയുന്നത്. രാകേഷ് മരിയയ്ക്ക് സ്ഥാനക്കയറ്റം നല്‍കാനുള്ള സമയം ആയെന്നും ഇതിന് പിന്നില്‍ രാഷ്ട്രീയമില്ലെന്നും സംസ്ഥാന ആഭ്യന്തര സെക്രട്ടറി കെ.പി.ബക്ഷി പറഞ്ഞു.
ഐ.പി.എല്‍ കേസിലെ പ്രതി ലളിത് മോഡിയുമായി, വര്‍ഷങ്ങള്‍ക്ക് മുമ്പ് രാകേഷ് മരിയ കൂടിക്കാഴ്ച നടത്തിയത് വിവാദമായിരുന്നു. ഇതേക്കുറിച്ച് അദ്ദേഹത്തോട് വിശദീകരണവും ചോദിച്ചിരുന്നു.
Discussion about this post