തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂളുകൾ തുറക്കുന്നതിൽ ഇന്ന് തീരുമാനമുണ്ടാകും. സ്കൂൾ തുറക്കലും പരീക്ഷ നടത്തിപ്പും ചർച്ച ചെയ്യാൻ മുഖ്യമന്ത്രി വിളിച്ച യോഗം ഇന്നായിരിക്കും നടക്കുക.
യോഗത്തിൽ, പത്ത്, പന്ത്രണ്ട് ക്ലാസുകൾ തുറക്കുന്നതിലും ഈ രണ്ട് ക്ലാസ്സുകളിലെ പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളിലും തീരുമാനമെടുക്കും. വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥും വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കുമെന്നാണ് ലഭ്യമായ വിവരങ്ങൾ. ജനുവരിയോടെ അൻപത് ശതമാനം വിദ്യാർത്ഥികളെ ഉൾപ്പെടുത്തി ഒന്നിടവിട്ട ദിവസങ്ങളിൽ ക്ലാസുകൾ നടത്താനാണ് ആലോചിക്കുന്നത്. ഒൻപത് വരെയുള്ള ക്ലാസ്സുകളുടെ കാര്യത്തിലും പ്ലസ് വൺ ക്ലാസ്സുകളുടെ കാര്യത്തിലും ഇപ്പോൾ തീരുമാനമുണ്ടാകില്ല.
എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ മാർച്ചിൽ നടത്തുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ആലോചനയിലാണ്. താഴെയുള്ള ക്ലാസ്സുകളിലെ വാർഷിക പരീക്ഷ നടത്തേണ്ടതില്ലെന്നാണ് ഇതുവരെയുള്ള ധാരണ. ഇന്ന് മുതൽ പത്ത്, പന്ത്രണ്ട് ക്ലാസ്സുകളിലെ 50% അധ്യാപകരോട് സ്കൂളിലെത്താൻ വിദ്യാഭ്യാസ വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്.











