ന്യൂഡൽഹി: പുതിയ മിലിറ്ററി യൂണിഫോമുകളെ കുറിച്ചും റാങ്കുകളെ കുറിച്ചും ചർച്ച ചെയ്യുന്നതിനായി ചേർന്ന പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റി യോഗത്തിൽ നിന്നും കോൺഗ്രസ് എം.പി രാഹുൽ ഗാന്ധി ഇറങ്ങിപ്പോയി. തന്നെയോ തന്റെ മറ്റു സഹപ്രവർത്തകരെയോ യോഗത്തിൽ സംസാരിക്കാൻ അനുവദിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് രാഹുൽ ഗാന്ധിയും അനുയായികളും യോഗത്തിൽ നിന്നും ഇറങ്ങിപ്പോയത്.
ഇന്ത്യൻ സൈനികർക്ക് മികച്ച ആയുധങ്ങളെത്തിക്കുന്നതിനെ സംബന്ധിച്ച് ചർച്ചകൾ നടത്തുന്നതിനു പകരം സൈനികരുടെ യൂണിഫോമുകളെ കുറിച്ച് സംസാരിച്ച് പാനലിന്റെ സമയം നഷ്ട്ടപ്പെടുത്തുകയായിരുന്നുവെന്നാണ് രാഹുൽ ഗാന്ധിയുടെ അവകാശവാദം. പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റി യോഗത്തിൽ മുൻ ലെഫ്റ്റനന്റ് ജനറൽ ദേവേന്ദർ പോൾ വാട്സ് ഉൾപ്പെടെയുള്ളവർ പങ്കെടുത്തിരുന്നു. ബിജെപി എംപി ജുവൽ ഓറമായിരുന്നു പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റിയുടെ ചെയർമാൻ. ജുവൽ ഓറം യോഗത്തിനിടെ തന്നെ സംസാരിക്കാൻ അനുവദിച്ചില്ലെന്നാണ് രാഹുൽ ഗാന്ധി ആരോപിക്കുന്നത്.
സൈനികരുടെ യൂണിഫോമുമായും റാങ്കുകളുമായും ബന്ധപ്പെട്ട കാര്യങ്ങൾ സായുധ സേനാ മേധാവി ജനറൽ ബിപിൻ റാവത്ത് വിശദീകരിക്കവെ യോഗം ബഹിഷ്കരിച്ച് രാഹുൽ ഗാന്ധിയും മറ്റു കോൺഗ്രസ് നേതാക്കളും ഇറങ്ങി പോവുകയായിരുന്നു








