ന്യൂഡൽഹി: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബംഗ്ളാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീനയും നാളെ കൂടിക്കാഴ്ച നടത്തുന്നു. വീഡിയോ കോൺഫറൻസ് വഴി ആയിരിക്കും കൂടിക്കാഴ്ച നടക്കുകയെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
തലസ്ഥാനത്ത് നടക്കുന്ന ബംഗബന്ധു-ബാപ്പു ഡിജിറ്റൽ എക്സിബിഷൻ ഇരു നേതാക്കളും ചേർന്ന് ഉദ്ഘാടനം ചെയ്യും. ഇതോടൊപ്പം, ഇന്ത്യയെയും ബംഗ്ലാദേശിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന റെയിൽവേ പദ്ധതിയും ഇരുവരും ഉദ്ഘാടനം ചെയ്യും. ഇരുരാജ്യങ്ങളേയും തമ്മിൽ ബന്ധിപ്പിക്കുന്ന ഈ റെയിൽവേ ലൈൻ, 1965 ന് മുൻപുവരെ നിലവിലുണ്ടായിരുന്നതാണ്. നരേന്ദ്രമോദിയും ഷെയ്ഖ് ഹസീനയും ചേർന്ന് ബംഗ്ലാദേശിന്റെ സ്ഥാപകനും രാഷ്ട്രപിതാവുമായ ഷെയ്ഖ് മുജീബ് റഹ്മാന്റെ പേരിലുള്ള സ്റ്റാമ്പും നാളെ പുറത്തിറക്കും.
ന്യൂഡൽഹിയിൽ ആരംഭിക്കുന്ന ബംഗബന്ധു-ബാപ്പു ഡിജിറ്റൽ എക്സിബിഷൻ ഇന്ത്യ-ബംഗ്ലാദേശ് പ്രാചീനകാല ബന്ധത്തിന്റെ വിവിധഘട്ടങ്ങൾ അനാവരണം ചെയ്യുന്നതാണ്. ബംഗ്ലാദേശ്, ഐക്യരാഷ്ട്രസഭ എന്നിവിടങ്ങളിലെ പ്രദർശനത്തിനു ശേഷം 2022-ൾ കൽക്കട്ടയിൽ സമാപിക്കും.











